Middlepiece

കാല്‍പ്പണം വെള്ളാപ്പള്ളി; മുക്കാല്‍പ്പണം...

ഇന്ദ്രപ്രസ്ഥം/നിരീക്ഷകന്‍
മോദിയാശാന്‍ അധികാരത്തില്‍ കേറിയ ശേഷം നാട്ടില്‍ വേറെ എന്തിനു ക്ഷാമമുണ്ടെങ്കിലും നാട്ടുകാര്‍ക്ക് തലയറഞ്ഞു ചിരിക്കാനുള്ള വകുപ്പിന് ഒരിക്കലും ക്ഷാമം വരാറില്ല. ഒന്നുകില്‍ ബഡായി കേട്ടു ചിരിക്കാം. അല്ലെങ്കില്‍ ഭൂതഗണങ്ങളുടെ മണ്ടത്തരങ്ങള്‍ കണ്ടു ചിരിക്കാം.  സൂപ്പര്‍ എപ്പിസോഡുകളിലൊന്നു കണ്ടത് കഴിഞ്ഞ ദിവസമാണ്. കേരം തിങ്ങും കേരളനാട്ടില്‍ നിന്നു പുതിയൊരു മഹാവതാരത്തെ അമിത്ഷായും സംഘവും ഡല്‍ഹിയില്‍ അവതരിപ്പിച്ചു. വെള്ളാപ്പള്ളി അവര്‍കള്‍ പൊരിഞ്ഞ വിത്താണെന്നും മൂത്ത പള്ളിയും യൂത്ത് പള്ളിയും ഒന്നിച്ച് ഇറങ്ങിയാല്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ മൂടോടെ പറിച്ചു കുപ്പയിലെറിഞ്ഞു പിന്നാക്കക്കാരെയൊക്കെ കുഞ്ഞുകുട്ടിപരാധീനങ്ങളടക്കം സംഘപരിവാരത്തിലേക്കു തൂക്കിവാങ്ങാം എന്നുമാണ് അമിത്ഷായെ ചിലര്‍ ധരിപ്പിച്ചത്. അമിത്ഷാ ഗുജറാത്ത് കാഡര്‍ രാഷ്ട്രീയക്കാരനാണ്.

വിന്ധ്യനു തെക്കുള്ള ദേശക്കാരെ മുഴുക്കെ 'കാലാ മദ്രാസി' എന്നു മുദ്രകുത്തി അഗണ്യകോടിയില്‍ തള്ളുന്ന ഗോസായി രക്തമാണ് സിരകളില്‍. ഗുജറാത്ത് മുതല്‍ ഉത്തര്‍പ്രദേശ് വരെ പല വേലകളും ഒപ്പിച്ച് നാട്ടുകാരുടെ വോട്ട് തട്ടുന്നതില്‍ മിടുക്കനാണെന്നാണ് വയ്പ്. പ്രധാനമായി അടി, ഇടി, ഗോമാംസം തിന്നവനെന്നു പറഞ്ഞു ഗ്വാഗ്വാവിളി, വര്‍ഗീയ കലാപം എന്നിങ്ങനെയുള്ള കലാപരിപാടികള്‍ വഴിയാണ് കച്ചവടം നടത്തുന്നത്. ഉത്തരേന്ത്യയില്‍ വോട്ടു പിടിക്കാന്‍ അതു മതി. കൗബെല്‍റ്റില്‍ ഗോമാതാവിന്റെ പേരു പറഞ്ഞാല്‍ മതി, വോട്ടു കിട്ടും. പക്ഷേ, കേരളത്തില്‍ ഇമ്മാതിരി ഉഡായിപ്പൊന്നും ഇറക്കിയാല്‍ വോട്ടു വീഴത്തില്ല.

സാധാരണനിലയില്‍ സ്വന്തം പാര്‍ട്ടിക്കാരുടെ അഭിപ്രായവും കൂടി ചോദിക്കണം: എന്താ കരപറ്റാന്‍ ഒരു വഴി? അമിത്ഷാ ഏമാന് അങ്ങനെയുള്ള മര്യാദയൊന്നുമില്ല. അരനൂറ്റാണ്ട് കാവിക്കൊടിയും പിടിച്ചു നടന്നിട്ടും അവന്മാര്‍ ഇന്നുവരെ ഒരു പഞ്ചായത്തുഭരണം പോലും പിടിച്ചിട്ടില്ല. അതിനാല്‍ അവറ്റകളെ ബൈപാസ് ചെയ്ത് കരപിടിക്കാന്‍ വേറെ വഴി നോക്കണം. പറ്റിയ വഴി വെള്ളാപ്പള്ളിയുമായി കച്ചവടം ഉറപ്പിക്കുകയാണെന്ന ബുദ്ധി ഉപദേശിച്ചുകൊടുത്തത് മറ്റൊരു പരമ ബുദ്ധിജീവി ഗുരുമൂര്‍ത്തിയാണത്രേ. ഗുരുമൂര്‍ത്തിയുടെ ഉപദേശവും ചരടുവലികളുമാണ് വെള്ളാപ്പള്ളിയാശാന്റെ നക്ഷത്രം ശുക്രദശയിലേക്ക് കുതിക്കാന്‍ ഇടയാക്കിയത്. കേരളത്തില്‍ ബി.ജെ.പിക്ക് ഗതി കിട്ടില്ലെന്നു മൂര്‍ത്തിയാശാന് ഉറപ്പ്. അതിനാല്‍ കൊടുത്തു വെള്ളാപ്പള്ളിക്ക് മുഖ്യമന്ത്രിപദവി തന്നെ.

കിട്ടാത്ത മുന്തിരി പുളിക്കുമെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ഗുരുമൂര്‍ത്തിയെ ആരും പറഞ്ഞു പഠിപ്പിക്കേണ്ടതില്ലല്ലോ. ഡല്‍ഹിയില്‍ വെള്ളാപ്പിള്ളി മിന്നി. കേരളത്തില്‍ നിന്നുള്ള ഒറ്റ ബി.ജെ.പിക്കാരനെയും അടുപ്പിക്കാതെയാണ് മോദിയുമായി നേരിട്ട് കച്ചവടം ഉറപ്പിച്ചത്. ആര്‍ ശങ്കര്‍ സ്മാരകം മുതല്‍ കേരളത്തിനു പിടിപ്പത് വ്യവസായങ്ങള്‍ വരെ എല്ലാം മോദി വെള്ളാപ്പള്ളിക്ക് ഉറപ്പുകൊടുത്തുവെന്നാണ് കണിച്ചുകുളങ്ങരയിലെ മൂത്ത മുതലാളി മാധ്യമങ്ങളോട് പറഞ്ഞത്. വെള്ളാപ്പള്ളി വന്നതോടെ ഗുണം പലതുണ്ടായി. കേരളത്തില്‍ ഇത്രകാലം വെള്ളം കോരിയ പാര്‍ട്ടിക്കാര്‍ ഒന്നടങ്കം ശശിയായി. അവന്മാര്‍ വിറകു വെട്ടിയതും വെള്ളം കോരിയതും ഒക്കെ പഴയ കഥ. അതുകൊണ്ട് ആര്‍ക്കെന്തു നേട്ടം?  ബി.ജെ.പിയുടെ കേരള ഘടകത്തിന്റെ ട്രൗസര്‍ അഴിക്കുന്ന പണിയാണ് കാണിച്ചതെന്നു ചിലര്‍ അടക്കംപറയുന്നുണ്ട്. ഗുരുമൂര്‍ത്തിയുടെ പൂര്‍വചരിത്രം അറിയുന്നവര്‍ പുള്ളിക്കാരന്റെ രാഷ്ട്രീയവിവേകത്തെപ്പറ്റി പുകഴ്ത്തിപ്പറയില്ല.

കക്ഷി പണ്ടു മദിരാശിയില്‍ കണക്കപ്പിള്ളയായി കഴിയുന്ന കാലത്ത് രാമനാഥ് ഗോയെങ്കയുടെ കണക്കുകള്‍ നോക്കിയാണ് പത്രമുതലാളിയുടെ കണ്ണിലുണ്ണിയായത്. മുതലാളി അംബാനിയുമായി തെറ്റിയപ്പോള്‍ റിലയന്‍സിനെതിരേ ഇറക്കിവിട്ട ത്രിമൂര്‍ത്തികളില്‍ ഒരാളാണ് ഗുരുമൂര്‍ത്തി. യുദ്ധം കഴിഞ്ഞപ്പോള്‍ ഗോയങ്കെ മുതലാളിയുടെ പത്രം രണ്ടു കഷണമായി. വലിയ കഷണമായ ഉത്തരേന്ത്യന്‍ പത്രം റിലയന്‍സ് മുതലാളി വിഴുങ്ങി എന്നാണ് ചരിത്രം.

അത്ര ഗംഭീരമാണ് മൂര്‍ത്തിയാശാന്റെ പൂര്‍വകാല ചരിത്രം. കാവിസംഘത്തിനു ബുദ്ധിജീവിക്ഷാമം രൂക്ഷമായതുകൊണ്ട് ടിയാന്‍ ഇരമ്പിക്കേറി. ഇപ്പോള്‍ കേരളത്തില്‍ കാവിക്കൊടിയെ അധികാരത്തിലേറ്റാനുള്ള പടപ്പുറപ്പാടാണ്. അതിന്റെ ഗുണം വെള്ളാപ്പള്ളി മുതലാളിക്കും ഉമ്മന്‍ചാണ്ടിക്കും കിട്ടുമെന്നു തീര്‍ച്ച. മുതലാളിയുടെ കച്ചവടം കൊഴുക്കും. ചാണ്ടിച്ചായന്‍ പാട്ടും പാടി ജയിക്കുകയും ചെയ്യും.
Next Story

RELATED STORIES

Share it