Wayanad

കാല്‍നൂറ്റാണ്ട് മുമ്പ് നിര്‍മിച്ച ചെക്ഡാം നോക്കുകുത്തി

നൂല്‍പ്പുഴ: നൂല്‍പ്പുഴ പഞ്ചായത്തിലെ നമ്പിക്കൊല്ലി ചെറുപുഴയ്ക്കു കുറുകെ നിര്‍മിച്ച മാതമംഗലം-കൊട്ടക്കുനി  ചെക്ഡാം കര്‍ഷകര്‍ക്ക് ഉപകാരപ്രദമാവാതെ നശിക്കുന്നു. കാല്‍ നൂറ്റാണ്ടു മുമ്പ് പ്രദേശത്തെ വയലേലകളില്‍ ജലസേചനം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ചെറുപുഴയ്ക്കു കുറുകെ ചെക്ഡാം നിര്‍മിച്ചത്. എന്നാല്‍, ആദ്യ വര്‍ഷങ്ങളില്‍ മാത്രമാണ് ഇതുകൊണ്ട് കര്‍ഷകര്‍ക്ക് ഉപകാരമുണ്ടായത്. ഇതോടനുബന്ധിച്ച് നിര്‍മിച്ച പമ്പ് ഹൗസ് നിലംപൊത്തിക്കഴിഞ്ഞു. ചെക്ഡാമില്‍ വെള്ളം കെട്ടിനിര്‍ത്തുന്നതിനായുള്ള ചീര്‍പ്പുകള്‍ പൂര്‍ണമായും നശിച്ചു. പ്രദേശത്തെ വയലുകളിലേക്ക് വെള്ളമെത്തിക്കുന്നതിനായി നിര്‍മിച്ച കനാല്‍ പാടെ തകര്‍ന്ന നിലയിലാണ്. നിലവില്‍ ചെക്ഡാം ക്ഷയിച്ചുതുടങ്ങി. വെള്ളം കെട്ടിനിര്‍ത്തി പ്രദേശത്തെ വയലുകളില്‍ എത്തിച്ചാല്‍ 1,500ഓളം ഏക്കറില്‍ നെല്‍കൃഷി നടത്താന്‍ കര്‍ഷകര്‍ക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാവില്ല. നിലവില്‍ ജലസേചന സൗകര്യം ഇല്ലാത്തതിനാല്‍ പലരും സ്വന്തം കിണറില്‍ നിന്നും മറ്റും വെള്ളം പമ്പ് ചെയ്താണ് ഒരു കൃഷിയെങ്കിലും നടത്തുന്നത്. ഇത്തവണ നെല്‍കൃഷിയിറക്കേണ്ട സമയത്ത് മഴ ലഭിക്കാതെ കര്‍ഷകര്‍ വലഞ്ഞപ്പോഴും കര്‍ഷകര്‍ക്കായി നിര്‍മിച്ച ചെക്ഡാം നോക്കുകുത്തിയായി നില്‍ക്കുകയായിരുന്നു.
Next Story

RELATED STORIES

Share it