Environment

കാലിയാവുന്ന കടല്‍

കാലിയാവുന്ന കടല്‍
X
sea-1
വലിയശാല  രാജു


മഹാസമുദ്രങ്ങളെയെല്ലാം ചേര്‍ത്ത് ഒരു രാജ്യമായി കണക്കാക്കുകയാണെങ്കില്‍ ലോകത്ത് ബ്രിട്ടന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ജിഡിആര്‍ ഉള്ള രാജ്യം അതായിരിക്കും. സമുദ്രസമ്പത്തിന്റെ ആകെ മൂല്യം അമേരിക്കയുടെയും ചൈനയുടെയും മൂല്യത്തേക്കാള്‍ കൂടുതലാണ്. ചരക്കിന്റെയും സേവനത്തിന്റെയും വാര്‍ഷികമൂല്യം വിലയിരുത്തിയാല്‍ 24 ലക്ഷം കോടി ഡോളര്‍ സാമ്പത്തികശേഷിയാണ് ലോകത്തിലെ സമുദ്രങ്ങള്‍ക്കെല്ലാം ചേര്‍ത്ത് കണക്കാക്കിയിട്ടുള്ളത്. ലോകത്തെ എല്ലാ മനുഷ്യര്‍ക്കും സുഭിക്ഷമായി എത്ര തലമുറ വേണമെങ്കിലും ജീവിക്കാനുള്ള സ്വത്ത് കടലിനു സ്വന്തമായുണ്ട്. പക്ഷേ, അവ കണ്ടെത്താനും പ്രയോജനപ്പെടുത്താനും ശാസ്ത്രം വളര്‍ന്നിട്ടില്ല. നമുക്ക് ഉപയോഗപ്പെടുത്താവുന്ന കടലിന്റെ സ്വത്ത് തന്നെ മനുഷ്യന്റെ അമിത ചൂഷണം മൂലം തീര്‍ന്നുകൊണ്ടിരിക്കുകയാണ്. സമുദ്രത്തിലെ മല്‍സ്യം, ചരക്കുകപ്പല്‍, ഗതാഗതം, കണ്ടല്‍ക്കാടുകള്‍, പവിഴങ്ങള്‍, മുത്തുകള്‍, ശംഖുകള്‍, തീരദേശസ്വത്ത്, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ കണക്കെടുത്താല്‍ ഇത് 159 ലക്ഷം കോടി ഡോളര്‍ വിലമതിക്കും.


മല്‍സ്യവും പ്ലാസ്റ്റിക് മാലിന്യവും

കടലിലെ മാലിന്യനിക്ഷേപം മല്‍സ്യസമ്പത്തിനെ വല്ലാതെ ബാധിച്ചിരിക്കുകയാണ്. മാലിന്യത്തില്‍ പ്രധാനം പ്ലാസ്റ്റിക്കാണ്. പ്ലെമൗത്ത് സര്‍വകലാശാലയിലെ ഗവേഷകര്‍ സമുദ്രതീരത്ത് നിന്നും 10 കിലോമീറ്റര്‍ അകലെയുള്ള 504 വിവിധ ഇനം മല്‍സ്യങ്ങളെ പരിശോധിച്ചതില്‍ 184 മല്‍സ്യങ്ങളുടെ ഉദരത്തിലും പ്ലാസ്റ്റിക്കിന്റെ അംശം കലര്‍ന്നിട്ടുള്ളതായി കണ്ടെത്തി. പ്ലാസ്റ്റിക് കുപ്പികള്‍, ഗര്‍ഭനിരോധന ഉറകള്‍,  കൈയുറകള്‍, നൈലോണ്‍ കയറുകള്‍, മല്‍സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വലകള്‍, സ്‌പോഞ്ച്, സൗന്ദര്യവര്‍ധക വസ്തുക്കള്‍, നാര്, നെയില്‍പോളിഷ്, അടപ്പുകള്‍, സിഗരറ്റ്, കണ്ണാടിത്തുണ്ടുകള്‍ ഇവയെല്ലാം മല്‍സ്യങ്ങളുടെ വയറ്റില്‍ കാണാന്‍ കഴിഞ്ഞു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഭക്ഷണമാണെന്ന് കരുതി ചെറുമല്‍സ്യങ്ങള്‍ വിഴുങ്ങുന്നു. ഈ ചെറുമല്‍സ്യങ്ങളെ വലിയ മല്‍സ്യങ്ങള്‍ ഭക്ഷണമാക്കുന്നു. ഇവയാണ് നാം വിലകൊടുത്ത് വാങ്ങി ഭക്ഷിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കോടിക്കണക്കിന് പോളിത്തീന്‍ സഞ്ചികള്‍ ഒടുവില്‍ എത്തിച്ചേരുന്നത് സമുദ്രത്തിലാണ്. പ്ലാസ്റ്റിക് മൂലം മല്‍സ്യങ്ങളുടെ പ്രജനനശേഷി പോലും നഷ്ടപ്പെടുന്നതായി സമുദ്രഗവേഷകര്‍ അഭിപ്രായപ്പെടുന്നു. വടക്ക് പസഫിക് സമുദ്രത്തില്‍ ജീവിക്കുന്ന മല്‍സ്യങ്ങള്‍ ഒരു വര്‍ഷം 24,000 ടണ്‍ പ്ലാസ്റ്റിക് ഭക്ഷിക്കുന്നതായി ഒരു പഠനത്തില്‍ പറയുന്നു. പസഫിക് സമുദ്രത്തില്‍ 35 ശതമാനം മല്‍സ്യങ്ങള്‍ പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ മാത്രം ഭക്ഷിച്ച് ജീവിക്കുന്നു. ഇത് മാനവരാശിക്ക് നേരിടേണ്ടി വരുന്ന വലിയ വിപത്തായിരിക്കും. കാരണം ലോക ജനസംഖ്യയുടെ 70 ശതമാനം ജനങ്ങളും മല്‍സ്യം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നവരാണ്.



മീനുകള്‍ വാസസ്ഥലം മാറ്റുന്നു

അടുത്തിടെ കണ്ടുവരുന്ന ഒരു സവിശേഷത പല മീനുകളും അവയുടെ വാസസ്ഥലം മാറ്റുന്നു എന്നതാണ്. മത്തിയും അയലയും കേരള സമുദ്രതീരത്ത് അതിന്റെ വാസസ്ഥലം മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, ഇവയുടെ വംശവര്‍ധനയില്‍ വന്‍ കുറവുണ്ടാവുന്നതായും കണ്ടെത്തിയിട്ടുണ്ട്. കേരള തീരത്തുനിന്നും മേല്‍പ്പറഞ്ഞ മല്‍സ്യങ്ങള്‍ ബംഗ്ലാദേശ് മേഖലയിലേക്കാണ് വാസസ്ഥലം മാറ്റിയിരിക്കുന്നതും സഞ്ചാരം നടത്തുന്നതും. ലോകത്തെല്ലായിടത്തും കടല്‍ മല്‍സ്യങ്ങള്‍ ഇങ്ങനെ വാസസ്ഥലം മാറ്റുന്നുണ്ട്. ഇതുമൂലം പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമുണ്ടാവുകയും പാവപ്പെട്ട ജനങ്ങളുടെ ഭക്ഷണത്തില്‍ മല്‍സ്യത്തിന്റെ അളവ് വന്‍തോതില്‍ കുറയുകയും ചെയ്യുന്നു. മല്‍സ്യങ്ങള്‍ ഇങ്ങനെ കടല്‍സഞ്ചാരം നടത്തി വാസയോഗ്യമായ സ്ഥലം തേടി മറയുന്നതിന് പ്രധാന കാരണം കടലിലെ ചൂടും കടല്‍മാലിന്യവുമാണെന്ന് ശാസ്ത്രജ്ഞന്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. കടലിലെ ചൂട് വര്‍ധിക്കുന്നത് പ്രായപൂര്‍ത്തിയായ മല്‍സ്യങ്ങള്‍ക്ക് മുട്ടയിടാനോ കുഞ്ഞുങ്ങളെ വിരിയിക്കാനോ കഴിയാത്ത അവസ്ഥയാണ് സംജാതമാക്കിയിരിക്കുന്നത്. ഭാവിയില്‍ പല മീനുകളും വംശനാശം നേരിട്ട് കടലില്‍ നിന്ന് അപ്രത്യക്ഷമായാലും അദ്ഭുതപ്പെടാനില്ല.
Next Story

RELATED STORIES

Share it