കാലിത്തൊഴുത്തിലെ രാജകുമാരന് നാടോടിനൃത്തത്തിലും ഒന്നാം സ്ഥാനം

കെ മുഹമ്മദ് റാഫി

തിരുവനന്തപുരം: കാലിത്തൊഴുത്തിന്റെ ദുരിതജീവിതത്തില്‍ നിന്നു സംസ്ഥാന സ്‌കൂള്‍ കലാമേളയിലെത്തി നടനവിസ്മയം തീര്‍ത്ത മനുവിന് നാടോടി നൃത്തത്തിലും ഒന്നാം സ്ഥാനം. തലചായ്ക്കാന്‍ ഒരുതുണ്ടു ഭൂമിയോ കൂരയോ ഇല്ലാത്ത മനു കഷ്ടപ്പാടിന്റെ കടുംപാതകള്‍ താണ്ടിയാണ് നേട്ടത്തിന്റെ മൈതാനത്തിലെത്തിയത്. തിരുവനന്തപുരം ആറ്റിങ്ങല്‍ കോരാണി പുകയിലത്തോപ്പ് സ്വദേശിയായ മനു മാതാവിനും ജ്യേഷ്ഠനുമൊപ്പം സ്വകാര്യവ്യക്തിയുടെ കാലിത്തൊഴുത്തിലാണ് താമസം. സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ എച്ച്എസ് വിഭാഗം കുച്ചുപ്പുടി, നാടോടിനൃത്തം എന്നീ ഇനങ്ങളില്‍ മാറ്റുരച്ച മനു നാലാംസ്ഥാനവും എ ഗ്രേഡുമായി കുച്ചുപ്പുടിയില്‍ തിളങ്ങി.
സംസ്ഥാനതലത്തില്‍ കഴിഞ്ഞ രണ്ടു തവണയും ഇരുവിഭാഗങ്ങളിലും എ ഗ്രേഡ് നേടിയിരുന്നു. കുടവൂര്‍ തോന്നയ്ക്കല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 10ാംതരം വിദ്യാര്‍ഥിയാണ് മനു. പിതാവ് ഉപേക്ഷിച്ചുപോയതിനാലാണ് 10 വര്‍ഷമായി ഈ കുടുംബം കാലിത്തൊഴുത്തില്‍ കഴിയുന്നത്.
പഠനത്തോടൊപ്പം കലയിലും താല്‍പര്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് തനിക്കു കിട്ടുന്നത് തുച്ഛമായ വരുമാനമായിട്ടുപോലും മനുവിനെ നാടോടിനൃത്തവും കുച്ചിപ്പുടിയും അമ്മ പഠിപ്പിച്ചു. കുടുംബത്തിന്റെ ബുദ്ധിമുട്ടും മനുവിന്റെ നൃത്തത്തോടുള്ള അഭിനിവേശവും മനസ്സിലാക്കിയ നൃത്താധ്യാപകന്‍ കഠിനംകുളം സ്വദേശി ഐവിന്‍ പ്രതിഫലം വാങ്ങാതെ ഒമ്പതു വര്‍ഷമായി മനുവിനെ നൃത്തം അഭ്യസിപ്പിക്കുന്നു.
നൃത്തപരിശീലനത്തിനും കാലിത്തൊഴുത്ത് തന്നെയാണ് മനുവിന് ആശ്രയം. പുലര്‍ച്ചെ നാലിന് എഴുന്നേറ്റു മാതാവിനൊപ്പം പശുവിനെ പരിപാലിച്ച ശേഷമാണ് ഈ നടനപ്രതിഭ സ്‌കൂളില്‍ പോവുന്നതും നൃത്തം അഭ്യസിക്കുന്നതും.
Next Story

RELATED STORIES

Share it