കാലിത്തീറ്റ അഴിമതി: മൃഗസംരക്ഷണ വകുപ്പിലെ ഫയലുകള്‍ കാണാതായി

പട്‌ന: ബിഹാര്‍ മൃഗസംരക്ഷണ ഡയറക്ടറേറ്റില്‍ നിന്ന് 500ഓളം ഫയലുകള്‍ മോഷണംപോയി. കോടികളുടെ കാലിത്തീറ്റ കുഭകോണവുമായി ബന്ധപ്പെട്ട രേഖകളാണു കാണാതായതെന്നു കരുതപ്പെടുന്നുണ്ട്. ഇതുസംബന്ധിച്ച് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൃഗസംരക്ഷണ ഡയറക്ടറുടെ നിര്‍ദേശപ്രകാരം സെക്ഷന്‍ ഓഫിസര്‍ സത്യേന്ദ്ര കുമാറാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.ഏത് ഫയലുകളാണു മോഷണംപോയതെന്ന് അന്വേഷണത്തിലൂടെയേ അറിയാനാവൂവെന്ന് പോലിസ് പറഞ്ഞു.
1996ലാണ് കാലിത്തീറ്റ കുംഭകോണം പുറത്തുവന്നത്. കാലിത്തീറ്റ വിതരണത്തിന്റെ പേരില്‍ നിലവിലില്ലാത്ത കമ്പനികള്‍ ഫണ്ട് വെട്ടിച്ചുവെന്നതാണ് കേസ്. ഈ കേസില്‍ 2014ല്‍ ശിക്ഷിക്കപ്പെട്ട ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് സുപ്രിംകോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് ഇപ്പോള്‍ പുറത്താണ്. ബിഹാര്‍ ഭരണമുന്നണിയിലെ സഖ്യകക്ഷിയാണ് ആര്‍ജെഡി. അവിഭക്ത ബിഹാറിലെ ട്രഷറികളില്‍ നിന്ന് 950 കോടിയോളമാണു പിന്‍വലിച്ചിരുന്നത്.
അതേസമയം, കാണാതായ ഫയലുകള്‍ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ടതല്ലെന്നു മൃഗസംരക്ഷണവകുപ്പ് മന്ത്രി അവധേഷ് കുമാര്‍ സിങ് പറഞ്ഞു. കാലിത്തീറ്റ കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ നേരത്തെതന്നെ സിബിഐക്ക് കൈമാറിയതാണെന്നും പറഞ്ഞു. 1997 മുതല്‍ 2011വരെയുള്ള ജീവനക്കാരുടെ വിരമിക്കല്‍, പെന്‍ഷന്‍, മറ്റു വകുപ്പ് കാര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ഫയലുകളാണ് കാണാതായതെന്ന് സിങ് പറഞ്ഞു.
Next Story

RELATED STORIES

Share it