kannur local

കാലിത്തീറ്റയ്ക്കും വൈക്കോലിനും തീവില; ക്ഷീരകര്‍ഷകര്‍ ദുരിതത്തില്‍

കണ്ണൂര്‍: കാലിത്തീറ്റയ്ക്കും വൈക്കോലിനും വില വര്‍ധിച്ചതോടെ ക്ഷീരകര്‍ഷകര്‍ ദുരിതത്തിലായി. ഒരു വര്‍ഷത്തിനുള്ളില്‍ ഇത് മൂന്നാം തവണയാണ് കാലിത്തീറ്റയുടെ വില കൂടിയത്. ഉല്‍പ്പാദന ചെലവ് വര്‍ധിക്കുമ്പോഴും പാലിന് വില കൂടാത്തതിനാല്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പ്രതിസന്ധിയിലാണ്. 375 മുത ല്‍ 400 രൂപ വരെയാണ് സബ്‌സിഡി നല്‍കിയിരുന്നത്.
പൊതുവിപണിയില്‍ കാലിത്തീറ്റ ഒരു ചാക്കിന് 445 മുതല്‍ 670 രൂപ വരെ വിലയുള്ളപ്പോഴായിരുന്നു 400ല്‍ താഴേ നിരക്കില്‍ കര്‍ഷകര്‍ക്കു ലഭിച്ചിരുന്നത്.
എന്നാല്‍ സബ്‌സിഡിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ കര്‍ഷകര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നില്ല. ഇപ്പോള്‍ വില വര്‍ധിച്ച് ചാക്കിന് 880 രൂപ വരെയായി. കഴിഞ്ഞയാഴ്ച 870 രൂപയായിരുന്നു വില. വൈക്കോലും പച്ചപ്പുല്ലും ലഭിക്കാത്തതാണ് കാലിത്തീറ്റ ആശ്രയിക്കാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നത്. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നാണ് ജില്ലയിലേക്ക് വൈക്കോലെത്തുന്നത്. എന്നാല്‍ ഇവിടങ്ങളിലെ നെല്‍കൃഷി തകര്‍ച്ചമൂലം ഇപ്പോഴും ജില്ലയിലേക്കാവശ്യത്തിന് വൈക്കോ ല്‍ എത്തുന്നില്ല.
ഒരുകെട്ട് വൈക്കോലിന് 30 രൂപയിലേറെയാണു വില. പാല്‍വില അടുത്തകാലത്ത് കൂടിയിട്ടുണ്ടെങ്കിലും ഉല്‍പ്പാദനചെലവുമായി തട്ടിച്ചുനോക്കുമ്പോള്‍ വിലവര്‍ധന കൊണ്ട് കാര്യമില്ലെന്നാണ് ക്ഷീരകര്‍ഷകരുടെ വാദം. പാലിന് വിലകൂട്ടി പ്രഖ്യാപനം വന്നെങ്കിലും റീഡിങിന്റെയും പരിശോധനയുടെയും പേരില്‍ കര്‍ഷകര്‍ക്ക് ഇപ്പോഴും പഴയ വിലയാണു നല്‍കുന്നത്. പാല്‍വില കൂട്ടിയതിനു പിറകെ കാലിത്തീറ്റയ്ക്ക് വില വര്‍ധിപ്പിച്ചതും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ പാല്‍വില കൂട്ടാതിരിക്കുകയായിരുന്നു നല്ലതെന്നും കര്‍ഷകര്‍ പറയുന്നു. എല്ലാ ക്ഷീരദിനങ്ങളിലും കര്‍ഷക സെമിനാറുകളും കന്നുകാലി പ്രദര്‍ശനവും ഉള്‍പ്പെടെയുള്ള പരിപാടികള്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുമ്പോഴും തങ്ങളുടെ ദുരിതം ആരും പരിഗണിക്കുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി.
Next Story

RELATED STORIES

Share it