kozhikode local

കാലിക്കറ്റ് സര്‍വകലാശാല: അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ്: അന്വേഷണം ആവശ്യപ്പെട്ട് എംപ്ലോയീസ് യൂനിയന്‍

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല കഴിഞ്ഞ ജനുവരി 30ന് പ്രസിദ്ധീകരിച്ച അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് സമഗ്രാന്വേഷണം ആവശ്യപ്പെട്ട് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി എംപ്ലോയീസ് യൂനിയന്‍ രംഗത്ത്. എഴുത്തുപരീക്ഷയില്‍ ഉയര്‍ന്നമാര്‍ക്ക് നേടിയവര്‍ക്ക് ഇന്റര്‍വ്യൂവില്‍ കുറഞ്ഞ മാര്‍ക്ക് നല്‍കുകയും താരതമ്യേന കുറഞ്ഞ മാര്‍ക്ക് നേടിയവര്‍ക്ക് ഇന്റര്‍വ്യൂവില്‍ ഉയര്‍ന്ന് മാര്‍ക്ക് നല്‍കി നിയമിച്ചതായാണ് ആരോപണം. ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ റാങ്ക് വിവരമല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല.
എഴുത്തു പരീക്ഷയ്ക്കും ഇന്റര്‍വ്യൂവിനും ലഭിച്ച മാര്‍ക്കുകള്‍ പ്രസിദ്ധീകരിക്കണം എന്നിരിക്കെയാണ് ഇതൊന്നുമില്ലാതെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ലിസ്റ്റിലുള്ള രണ്ടുപേര്‍ അന്ന് തന്നെ ജോലിയില്‍ പ്രവേശിച്ചു. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് കഴിഞ്ഞാല്‍ പാലിക്കേണ്ട നടപടികളൊന്നും പാലിക്കപ്പെട്ടിട്ടിലെന്ന് യൂനിയന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. വിഷയം കോടതിയിലെത്തിയപ്പോള്‍ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഡോ. ആബിദ ഫാറൂഖി, അഡ്വ. രാജീവന്‍ മല്ലിശ്ശേരി, പ്രഫ. കെ വിദ്യാസാഗര്‍ എന്നിവരടങ്ങുന്ന ഉപസമിതി റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ഇതില്‍ ഇന്റര്‍വ്യൂ സമയത്ത് ലീഗ് നേതാവ് കോഴവാങ്ങിയതുമായി ബന്ധപ്പെട്ട് കേസും പരാമര്‍ശിച്ചിരുന്നു. ഈ വിഷയത്തില്‍ യാതൊരു അന്വേഷണവും നടന്നിട്ടില്ലെന്നും ഇത് പരിഗണിക്കാതെയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നും യൂനിയന്‍ ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി എംപ്ലോയിസ് യൂനിയന്‍ ജനറല്‍ സെക്രട്ടറി എസ് സദാനന്ദന്‍, പത്മജ, ടി സബീഷ്, എം കെ ജഷീര്‍, വി എസ് നിഖില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it