കാലിക്കറ്റ് സര്‍വകലാശാല: സഹകരണം ഉറപ്പാക്കും- വിസി

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ ഭരണത്തില്‍ എല്ലാവരുടെയും സഹകരണമുറപ്പാക്കുമെന്ന് കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ പറഞ്ഞു. മുഴുവന്‍ ബോഡികളിലും അവതരിപ്പിച്ച് അംഗീകാരം നേടിയ ശേഷമേ തീരുമാനങ്ങളെടുക്കൂവെന്നും വിസി പറഞ്ഞു. സര്‍വകലാശാല കാംപസിലെ ഗസ്റ്റ്ഹൗസിലെത്തിയ വി സിയെ കോണ്‍ഗ്രസ്, ലീഗ് അനുകൂല സര്‍വീസ് സംഘടനാ നേതാക്കളും ജീവനക്കാരും ചേര്‍ന്ന് സ്വീകരിച്ചു.

ലീഗ് സര്‍വീസ് സംഘടനാ നേതാവ് പി അബ്ദുര്‍റഹ്മാന്‍, വിസിയെ ഗസ്റ്റ് ഹൗസില്‍നിന്ന് ഭരണകാര്യാലയത്തിലേക്ക് അനുഗമിച്ചു. യുജിസിയുടെ അംഗീകാരം നഷ്ടപ്പെട്ട വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ അംഗീകാരം വീണ്ടെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് വിസി പ്രതികരിച്ചു. ഇന്റര്‍വ്യൂ ഉള്‍പ്പെടെ പൂര്‍ത്തിയായ പ്യൂണ്‍-വാച്ച്മാന്‍, അസിസ്റ്റന്റ് നിയമന നടപടികള്‍, അധ്യാപക തസ്തിക നികത്തല്‍, വിവിധ ഡയരക്ടര്‍മാരുടെ ഒഴിവുകള്‍ എന്നിവ നികത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തും. കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷണ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രമിക്കും. നാക് അംഗീകാരം നേടിയെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുമെന്നും വിസി വ്യക്തമാക്കി. വൈസ്ചാന്‍സലര്‍ ലീഗ് നോമിനിയായതിനാല്‍ സിപിഎം സര്‍വീസ് സംഘടനാ നേതാക്കള്‍ വിസിയെ സ്വീകരിക്കാന്‍ എത്താതിരുന്നതും ശ്രദ്ധേയമായി. രാവിലെ 11.30ഓടെ എത്തിയ വിസി സ്റ്റാറ്റിയൂട്ടറി ഓഫിസര്‍മാരുടെയും ബ്രാഞ്ച് ഓഫിസര്‍മാര്‍, സര്‍വീസ് സംഘടനാ പ്രതിനിധികള്‍ എന്നിവരുടെയും യോഗം വിളിച്ചു ചേര്‍ത്തു. കാലിക്കറ്റ് സര്‍വകലാശാലയുടെ കാര്യങ്ങള്‍ക്കായി മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി നിയോഗിച്ച പി എം എ സലാം ഇന്നലെ രാവിലെ ഗസ്റ്റ്ഹൗസിലെത്തി പുതിയ വിസിയെ കണ്ട് പിന്തുണ അറിയിച്ചു.
Next Story

RELATED STORIES

Share it