കാലിക്കറ്റ് സര്‍വകലാശാല സാമ്പത്തിക ക്രമക്കേട്: ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

തേഞ്ഞിപ്പലം: കാലിക്കറ്റ് വാഴ്‌സിറ്റി കംപ്യൂട്ടര്‍ സയന്‍സ് പഠനവിഭാഗത്തില്‍ നിന്ന് വിദ്യാര്‍ഥികളുടെ ഫീസ് തിരിമറി നടത്തിയ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യുന്നതിന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിവരുന്നു. നിലവില്‍ പരീക്ഷാഭവനില്‍ സെക്ഷന്‍ ഓഫിസറാണിദ്ദേഹം.
ഒരു വര്‍ഷത്തോളം കംപ്യൂട്ടര്‍ സയന്‍സ് പഠനവിഭാഗത്തില്‍ അസി. തസ്തികയില്‍ ജോലി ചെയ്ത ഉദ്യോഗസ്ഥന് രണ്ടു മാസം മുമ്പാണ് പരീക്ഷാഭവനിലേക്ക് സെക്ഷന്‍ ഓഫിസറായി സ്ഥാനക്കയറ്റം ലഭിച്ചത്. വകുപ്പ്‌മേധാവി ഡോ. വി എല്‍ ലജീഷായിരുന്നു സാമ്പത്തിക ക്രമക്കേട് പുറത്തുകൊണ്ടുവന്നത്. പിന്നീട് ഫിനാന്‍സ് വിഭാഗത്തിന്റെ ഇന്റേണല്‍ ഓഡിറ്റിലും ക്രമക്കേട് ശരിയാണെന്ന് ബോധ്യപ്പെട്ടു. എന്നിട്ടും സസ്‌പെന്‍ഡ് ചെയ്യാതെ സര്‍വകലാശാല ഇയാളെ സംരക്ഷിക്കുകയായിരുന്നു. സാമ്പത്തിക ക്രമക്കേട് ആരോപണമുയര്‍ന്നാല്‍ ആദ്യപടിയായി ഉദ്യോഗസ്ഥനെ സസ്‌പെന്‍ഷനില്‍ നിര്‍ത്തി അന്വേഷിക്കണമെന്നാണ് നിയമം. പത്രങ്ങളില്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്ന് വിവാദമായതിനെത്തുടര്‍ന്നാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടിക്രമങ്ങളിലേക്ക് സര്‍വകലാശാല നീങ്ങിയത്.
മുന്‍ തവണകളിലും ഇത്തരത്തില്‍ ആരോപണവിധേയരായവരെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സര്‍വകലാശാല സ്വീകരിച്ചിരുന്നത്.
നടപടിയുണ്ടാവുമെന്ന മുന്നറിയിപ്പിനെതുടര്‍ന്ന് ആരോപണവിധേയനായ ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം 70,000 രൂപ വാഴ്‌സിറ്റി അക്കൗണ്ടില്‍ അടച്ചിട്ടുണ്ട്. സര്‍വകലാശാലയിലെ ജീവനക്കാര്‍ക്ക് നാണക്കേടുണ്ടാക്കുന്ന ഈ സംഭവത്തില്‍ വിവിധ സര്‍വീസ് സംഘടനകള്‍ മൗനം പാലിക്കുകയാണ്.
ഇടതുപക്ഷ അനുകൂല സര്‍വീസ് സംഘടനയില്‍ നിന്ന് രാജിവച്ച് ഇദ്ദേഹം കോണ്‍ഗ്രസ് അനുകൂല സര്‍വീസ് സംഘടനയില്‍അംഗത്വമെടുത്തിരുന്നു.
Next Story

RELATED STORIES

Share it