Districts

കാലിക്കറ്റ് വിസി നിയമനം: വിജ്ഞാപനം നിയമവിരുദ്ധമല്ല; നടപടികള്‍ തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: കാലിക്കറ്റ് സര്‍വകലാശാല വിസി നിയമനത്തിന് വിജ്ഞാപനം പുറപ്പെടുവിച്ചത് നിയമവിരുദ്ധമല്ലെന്ന് ഹൈക്കോടതി. സര്‍ച്ച് കമ്മിറ്റിയുടെ നടപടികള്‍ തുടരാമെന്ന് ജസ്റ്റിസ് കെ വിനോദ്ചന്ദ്രന്‍ ഉത്തരവിട്ടു. യുജിസി മാര്‍ഗരേഖ പ്രകാരമുള്ള യോഗ്യത നിര്‍ബന്ധമാക്കി പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ഫാറൂഖ് കോളജ് അധ്യപകനായി വിരമിച്ച ഡോ. ആലസ്സന്‍കുട്ടി നല്‍കിയ ഹരജി തള്ളിയാണ് ഉത്തരവ്.
പ്രഫസര്‍ തസ്തികയില്‍ കുറഞ്ഞത് 10 വര്‍ഷത്തെ സേവനമുള്ളവരില്‍നിന്നാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളതെന്നും അതിനാല്‍ നിയമനത്തിന് അവസരം നഷ്ടപ്പെടുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. യുജിസി റെഗുലേഷന്‍ പ്രകാരം സര്‍വകലാശാല ചട്ടത്തില്‍ പത്ത് വര്‍ഷം പ്രഫസര്‍ തസ്തികയിലെ പ്രവൃത്തി പരിചയമാണ് വിസി നിയമനത്തിനുള്ള യോഗ്യത. അല്ലെങ്കില്‍ ഉന്നതമായ റിസര്‍ച്ച് ആന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓര്‍ഗനൈസേഷനില്‍ സമാന തസ്തികയില്‍ പത്ത് വര്‍ഷത്തെ പരിചയം മതിയാവും. ഇതേ റെഗുലേഷന്‍ അംഗീകരിച്ചുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങളുണ്ടാക്കിയിട്ടുള്ളത്.
ഈ സാഹചര്യത്തില്‍ റെഗുലേഷന്‍ ലംഘിച്ച് നിയമനം നടത്തിയാല്‍ സര്‍ക്കാറില്‍നിന്നുള്ള സാമ്പത്തിക സഹായവും ഗ്രാന്‍ഡും സര്‍വകലാശാലയ്ക്കും കോളജുകള്‍ക്കും നിഷേധിക്കപ്പെടുമെന്ന് കോടതി വ്യക്തമാക്കി. കാലിക്കറ്റ് സര്‍വകലാശാല ആക്റ്റില്‍ വിസിയുമായി ബന്ധപ്പെട്ട് പ്രായപരിധിയല്ലാതെ മറ്റു യോഗ്യതകള്‍ നിര്‍ദേശിച്ചിട്ടുമില്ല. ഈ സാഹചര്യത്തില്‍ സെര്‍ച്ച് കമ്മിറ്റി നടപടിയില്‍ അപാകതയില്ല. അതിനാല്‍, സെര്‍ച്ച് കമ്മിറ്റിക്ക് ഇത്തരമൊരു വിജ്ഞാപനം പുറപ്പെടുവിക്കാനാവില്ലെന്ന ഹരജിക്കാരന്റെ വാദം അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
വൈസ്ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് സര്‍വകലാശാല അഫിലിയേഷനുള്ള കോളജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്കും അപേക്ഷ നല്‍കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളതായി കോടതി വ്യക്തമാക്കി. സംസ്‌കൃത സര്‍വകലാശാല, കുസാറ്റ്, എംജി സര്‍വകലാശാല, കണ്ണൂര്‍ വാഴ്‌സിറ്റി എന്നിവിടങ്ങളിലെ വിസി നിയമനത്തിനെതിരേ പരാതികള്‍ ഉയര്‍ന്നിരുന്നുവെന്നും ഇതിനാല്‍ യുജിസി മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് വ്യക്തമാക്കി യുജിസിയില്‍ നിന്ന് കത്ത് ലഭിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
Next Story

RELATED STORIES

Share it