കാലിക്കറ്റ് വാഴ്‌സിറ്റി ഇന്റര്‍സോണ്‍ കലോല്‍സവം: സ്‌റ്റേജിനങ്ങള്‍ തുടങ്ങി; വേദി ഒന്ന് രോഹിത് വെമുലയുടെ പേരില്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് വാഴ്‌സിറ്റി ഇന്റര്‍സോണ്‍ കലോല്‍സവം വാഴ്‌സിറ്റി കാംപസില്‍ തുടങ്ങി. നാലു സ്റ്റേജുകളിലായി നടക്കുന്ന മല്‍സരങ്ങളില്‍ രോഹിത് വെമുലയുടെ പേരു നല്‍കിയ ഒന്നാം വേദിയിലായിരുന്നു കൂടുതല്‍ കാണികള്‍. ആതിഥേയത്വം വഹിക്കുന്ന കാലിക്കറ്റ് സര്‍വകലാശാല കാംപസില്‍ വിദ്യാര്‍ഥിയൂനിയന്‍ ഇല്ലാതായിട്ട് രണ്ടുവര്‍ഷത്തിലധികമായതിനാല്‍ പഠനവിഭാഗങ്ങളില്‍ നിന്ന് ഒരു വിദ്യാര്‍ഥി പോലും ഇത്തവണത്തെ ഇന്റര്‍സോണ്‍ മല്‍സരത്തിനില്ല. ആകെയുള്ളത് സ്വാശ്രയ പഠനവിഭാഗമായ ഹെല്‍ത്ത് സയന്‍സ് പഠനവിഭാഗത്തില്‍ നിന്നുള്ള സല്‍മാന്‍ എന്ന വിദ്യാര്‍ഥിയാണ്. ലക്ഷദ്വീപില്‍ നിന്നും ഇന്റര്‍സോണ്‍ മല്‍സരത്തില്‍ പങ്കാളിത്തമില്ല. ആന്ത്രോത്ത്, കടമത്ത്, സെന്ററുകളില്‍ നിന്ന് മാപ്പിളകലകളില്‍ മാത്രമേ മല്‍സരം നടക്കുകയുള്ളൂ. കവരത്തി സെന്ററില്‍ ബിഎഡിന് പെണ്‍കുട്ടികള്‍ മല്‍സരത്തില്‍ പങ്കെടുക്കാനും തയ്യാറല്ല. ദ്വീപില്‍ നിന്നുള്ളവര്‍ക്ക് ഇന്റര്‍സോണില്‍ നേരിട്ട് പങ്കാളിത്തം നല്‍കാമെന്നറിയിച്ചിട്ടും കേരളത്തിലെ മാപ്പിളകലാമല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ ഇവര്‍ക്ക് മടിയാണ്. ലക്ഷദ്വീപിലെ കലാ രൂപങ്ങളെ മല്‍സരത്തില്‍ ഉള്‍പ്പെടുത്തി കലോല്‍സവ മാന്വല്‍ പരിഷ്‌കരിച്ചാല്‍ ദ്വീപ് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമാവും. ബാന്‍ഡ്‌മേളം, മാപ്പിളപ്പാട്ട്, പുരുഷ വനിതാ മല്‍സരങ്ങള്‍, പൂരക്കളി, മാര്‍ഗംകളി, പരിചമുട്ട്, കഥകളി, കൂടിയാട്ടം, തുള്ളല്‍, കേരളനടനം, മോഹിനിയാട്ടം, നാടകം, ക്ലാസിക്കല്‍ സംഗീതം, കവിതാ പാരായണം, അറബന, കോല്‍ക്കളി, എന്നിവയാണു നടന്ന മല്‍സരങ്ങള്‍. അന്തരിച്ച കലാസാംസ്‌കാരിക രാഷ്ട്രീയ നായകന്‍മാരുടെ സ്മരണകള്‍ നിലനിര്‍ത്തുന്ന ഫോട്ടോകള്‍ കാംപസില്‍ സ്ഥാപിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it