malappuram local

കാലിക്കറ്റ് ഇന്റര്‍സോണ്‍; ഫാറൂഖ് കോളജ് കിരീടം തിരിച്ചുപിടിച്ചു

തേഞ്ഞിപ്പലം: പുലര്‍ച്ചെ നാലു മണിക്കു അവസാനിച്ച മല്‍സരങ്ങള്‍ക്കൊടുവില്‍ ഫാറൂഖ് കോളജ് ഇന്റര്‍സോണ്‍ കിരീടം ദേവഗിരിയില്‍ നിന്നു തിരിച്ചുപിടിച്ചു. ഫാറൂഖ് കോളജിലെ അനുനന്ദയാണ് 16 പോയിന്റ് നേടി കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടത്.
മാപ്പിളപ്പാട്ട്, മലയാള പദ്യം, കഥാപ്രസംഗം എന്നീ മല്‍സരങ്ങളില്‍ ഒന്നാം സ്ഥാനവും മോണോ ആക്ടില്‍ മൂന്നാംസ്ഥാനവും നേടിയാണ് അനുനന്ദ കലാതിലകത്തിനര്‍ഹയായത്. രണ്ടാ ം സ്ഥാനം നേടിയ ഫാറൂഖ് കോളജിന്റെ ഒപ്പന ടീമിലും ഒന്നാം സ്ഥാനം നേടിയ മാപ്പിളപ്പാട്ട് ഗ്രൂപ്പിലും അനുനന്ദ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. കഴിഞ്ഞ ഇന്റര്‍സോണ്‍ ജേതാക്കളായ ദേവഗിരിക്ക് ഇപ്പോഴത്തെ മല്‍സരത്തില്‍ 167 പോയിന്റും ഫാറൂഖ് കോളജിന് 189 പോയിന്റും ലഭിച്ചു. മൂന്നാം സ്ഥാനത്തെത്തിയ പാലക്കാട് വിക്ടോറിയക്ക് 82 പോയിന്റും ലഭിച്ചു. ഫാറൂഖ് കോളജിന് മികവ് നേടിക്കൊടുക്കുന്നതില്‍ അധ്യാപകനായ ഇ കെ സാജിദിന്റെ പങ്കാളിത്തം എട്ടു വര്‍ഷമായി നിര്‍ണായകമാണ്. കഴിഞ്ഞ തവണ ഫാറൂഖ് കോളജിനെ പിറകിലാക്കാന്‍ ആസൂത്രിതമായ ഗൂഡാലോചനകള്‍ നടന്നതായി ഫറോക്ക് കോളജ് വിദ്യാര്‍ഥി യൂനിയന്‍ ആരോപിക്കുന്നു. ഫാറൂഖ് കോളജിന്റെ മുന്നേറ്റമറിഞ്ഞ് പ്രിന്‍സിപ്പല്‍ ഇമ്പിച്ചിക്കോയ വാഴ്‌സിറ്റി കാംപസിലെ കലോല്‍സവ വേദിയില്‍ നേരിട്ടെത്തി വിദ്യാര്‍ഥികളേയും അധ്യാപകരേയും അഭിനന്ദനമറിയിച്ചു.
ഗ്രൂപ്പ് മല്‍സരങ്ങളില്‍ ദേശഭക്തിഗാനം, മാപ്പിളപ്പാട്ട്, കോല്‍ക്കളി എന്നിവയില്‍ ഫറോക്ക് കോളജ് ഒന്നാംസ്ഥാനത്തെത്തി. കഥാ പ്രസംഗം, കവിതാ പാരായണം, ക്ലാസിക്കല്‍ മ്യൂസിക്, വയലിന്‍, മോണോ ആക്ട്, തബല എന്നിവയിലും ഫറോക്ക് കോളജ് തന്നെയാണ് മുന്നില്‍. കഴിഞ്ഞ വെള്ളിയാഴ്ച തുടങ്ങിയ സ്‌റ്റേജ് മല്‍സരങ്ങളില്‍ രണ്ടു ദിവസം കാണികള്‍ കുറവായിരുന്നെങ്കിലും ഞായറാഴ്ച രാത്രി മുതല്‍ പുലര്‍ച്ചെ നാലുവരെ ദഫ്, വട്ടപ്പാട്ട്, ഒപ്പന, ഗാനമേള മല്‍സരങ്ങള്‍ കാണുന്നതിന് സദസ്സ് തിങ്ങിനിറഞ്ഞിരുന്നു.
ജേതാക്കള്‍ക്ക് പ്രോ വൈസ് ചാന്‍സലര്‍ പ്രഫ. കെ മോഹന്‍ ട്രോഫികള്‍ വിതരണം ചെയ്തു. യൂനിയന്‍ ചെയര്‍മാന്‍ വി എ ആസിഫ്, സെക്രട്ടറി ഫവാസ്, സിന്‍ഡിക്കേറ്റംഗങ്ങളായ പി പി അഹമ്മദ്, പി എം നിയാസ്, സംഘാടക സമിതി നേതാക്കളായ ഇര്‍ഷാദ് കൊട്ടപ്പുറം, ഡോ. സി ഡി സെബാസ്റ്റ്യന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it