കാലിക്കറ്റിലെ അധ്യാപകര്‍ക്ക് ഉമ്മുല്‍ഖുറാ സര്‍വകലാശാലയില്‍ പരിശീലനം

പി വി മുഹമ്മദ് ഇഖ്ബാല്‍

തേഞ്ഞിപ്പലം: മക്കയിലെ ഉമ്മുല്‍ഖുറാ സര്‍വകലാശാലയില്‍ സമ്മര്‍ ട്രെയിനിങ് പ്രോഗ്രാമുകള്‍ക്ക് കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്നുള്ള അധ്യാപകരെ അയക്കുന്നതിന് ധാരണയായി.
കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍, രജിസ്ട്രാര്‍ ടി എ അബ്ദുല്‍മജീദ്, അറബിക് പഠനവിഭാഗം മേധാവി ഡോ. എ ബി മൊയ്തീന്‍കുട്ടി എന്നിവരുമായി ഉമ്മുല്‍ഖുറാ സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ഹസനുബ്‌നു അബ്ദുല്ല ഹമീദ് അല്‍ബുഹാറ വിസിയുടെ ചേംബറില്‍ ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തി. അറബി മാതൃഭാഷയല്ലാത്ത രാജ്യങ്ങളിലുള്ളവര്‍ക്ക് അറബി പഠിപ്പിക്കുന്ന സ്ഥാപനത്തിന്റെ മേധാവിയും ഉമ്മുല്‍ഖുറാ സര്‍വകലാശാലയിലെ കര്‍മശാസ്ത്ര വിഭാഗത്തിലെ അസോഷ്യേറ്റ് പ്രഫസറും കൂടിയാണ് ഹമീദ് അല്‍ബുഹാറ. കാലിക്കറ്റ് വാഴ്‌സിറ്റി പഠനവിഭാഗം, അഫിലിയേറ്റഡ് കോളജുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഇരുപത് അധ്യാപകര്‍ക്ക് ഓരോ ബാച്ചിലും പരിശീലനം നല്‍കും. ഇതിനാവശ്യമായ മുഴുവന്‍ ചെലവും ഉമ്മുല്‍ഖുറാ സര്‍വകലാശാലയാണ് വഹിക്കുക. കാലിക്കറ്റ് സര്‍വകലാശാല ആവശ്യപ്പെടുകയാണെങ്കില്‍ ഇങ്ങോട്ടുവന്ന് പരിശീലനം നല്‍കുന്നതിനും തയ്യാറാണെന്ന് ഹമീദ് അല്‍ബുഹാറ വ്യക്തമാക്കി. പരിശീലനം നല്‍കാനെത്തുന്നവര്‍ക്ക് താമസിക്കാന്‍ സ്ഥലസൗകര്യം മാത്രം കാലിക്കറ്റ് സര്‍വകലാശാല നല്‍കിയാല്‍ മതി. അടുത്ത സമ്മര്‍ പ്രോഗ്രാമിന് കാലിക്കറ്റില്‍ നിന്നുള്ള അധ്യാപകര്‍ക്ക് അവസരം നല്‍കുമെന്നും ഇതുസംബന്ധിച്ച രൂപരേഖ തയ്യാറാക്കി എംബസിക്കും ഉമ്മുല്‍ഖുറാ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും സമര്‍പ്പിക്കുമന്നും കാലിക്കറ്റ് വൈസ് ചാന്‍സലര്‍ പ്രതികരിച്ചു.
Next Story

RELATED STORIES

Share it