കാലാവസ്ഥാ വ്യതിയാനം: കേരളത്തിലേക്ക് ഉഷ്ണമേഖലാ പക്ഷികള്‍ എത്തുന്നു

പി എച്ച് അഫ്‌സല്‍

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം മൂലം ചൂടു കൂടിയതോടെ കേരളത്തിലെ ജൈവഘടനയിലും മാറ്റങ്ങള്‍ ദൃശ്യമാവുന്നതായി പരിസ്ഥിതി ഗവേഷകരും പക്ഷിനിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു. വരണ്ട കാലാവസ്ഥയില്‍ മാത്രം കണ്ടുവരുന്ന ഉഷ്ണമേഖലാ പക്ഷികളെ സമീപകാലത്തായി കേരളത്തില്‍ കൂടുതലായി കണ്ടുവരുന്നതായി കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഫോറസ്ട്രി വിഭാഗം അസോഷ്യേറ്റ് പ്രഫസര്‍ പി ഒ നമീര്‍ പറഞ്ഞു.
മരുഭൂമികളിലും വരണ്ട കാലാവസ്ഥയിലും കണ്ടുവരുന്ന പരുന്ത് വര്‍ഗത്തിലുള്ള പക്ഷികളാണ് കൂടുതലായി എത്തുന്നത്. തെക്കു കിഴക്കന്‍ പാകിസ്താനിലും വരണ്ട കാലാവസ്ഥയുള്ള രാജസ്ഥാനിലും സാധാരണ കണ്ടുവരാറുള്ള സെറ്റെപ്പി ഈഗിള്‍സ്, രാജസ്ഥാനില്‍ കണ്ടുവരുന്ന സ്‌പോട്ടഡ് ഈഗിള്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളിലെ ഉഷ്ണമേഖലയിലെ സ്റ്റോണ്‍ ചാറ്റ്, ബ്ലൂ ത്രോട്ട്, വീറ്റ് ഇയര്‍ എന്നീ പക്ഷികള്‍ സമീപകാലത്തായി സംസ്ഥാനത്ത് കൂടുതലായി കാണപ്പെടുന്നുണ്ട്.
കാലാവസ്ഥാ വ്യതിയാനവും ഭക്ഷ്യലഭ്യതയും പ്രജനനവുമാണ് പക്ഷികളുടെ ദേശാടനത്തിനു കാരണമാവുന്നത്. സാധാരണ വേനല്‍ക്കാലങ്ങളിലും കേരളത്തിലെ വറ്റാത്ത നീരുറവകള്‍ തേടി വിദൂരദേശങ്ങളില്‍ നിന്നുള്ള ദേശാടനപ്പക്ഷികള്‍ ഇവിടെയെത്താറുണ്ട്. കണ്ണിനു കുളിര്‍മയായി യൂറോപ്പില്‍ നിന്നുള്ള വിരുന്നുകാരാണ് കേരളത്തില്‍ ആദ്യമെത്താറുള്ളത്. ഫെബ്രുവരി ആദ്യത്തില്‍ എത്തുന്ന അവ ഏപ്രില്‍ ആവുന്നതോടെ മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കുന്നു. ഏപ്രില്‍ അവസാനിക്കുന്നതോടെ അവ മടങ്ങും. എന്നാല്‍, കാലാവസ്ഥാ വ്യതിയാനം മൂലം ഇവ വളരെ നേരത്തെ എത്താന്‍ തുടങ്ങി. ഈ സീസണില്‍ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ എത്തിയ ഇവ ജനുവരിയോടെ കേരളം വിട്ടു.
അതേസമയം, സമീപകാലത്തായി ഉഷ്ണമേഖലാ പക്ഷികള്‍ കേരളത്തില്‍ കാണപ്പെടുന്നുണ്ടെന്ന് നമീര്‍ പറഞ്ഞു. നാലു വര്‍ഷത്തിനിടയിലാണ് ഇവയെ കൂടുതലായി എത്താന്‍ തുടങ്ങിയത്. വരണ്ട കാലാവസ്ഥയില്‍ ജീവിക്കുന്ന പക്ഷികള്‍ കേരളത്തിലെത്തുന്നത് നല്ല സൂചനയല്ലെന്നാണു വിലയിരുത്തപ്പെടുന്നത്. ഇതുസംബന്ധിച്ചുള്ള പഠനങ്ങള്‍ നടക്കുന്നതായും അദ്ദേഹം പറഞ്ഞു.
അനുകൂലമായ സാഹചര്യങ്ങള്‍ തേടി കേരളത്തിലേക്ക് ദേശാടനം നടത്തുന്ന പക്ഷികളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായി. ദേശാടനപ്പക്ഷികളുടെ ഇഷ്ടകേന്ദ്രങ്ങളായ തട്ടേക്കാട്ടും കുമരകത്തും നടത്തിയ പഠനങ്ങള്‍ ഇതു തെളിയിക്കുന്നു. നീരുറവകള്‍ വറ്റുന്നതും കാലാവസ്ഥാ വ്യതിയാനം മൂലം ചെടികളും വൃക്ഷങ്ങളും പൂവിടുന്നതു കാലം തെറ്റിയതുമാണ് പക്ഷികളെ ഇവിടെ നിന്ന് അകറ്റുന്നത്.
സൈബീരിയ, ബ്രിട്ടന്‍, വടക്കന്‍ ഹിമാലയന്‍ നിരകളില്‍ നിന്നെല്ലാം കേരളത്തിലെത്തുന്ന പക്ഷികളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്ന് പക്ഷിനിരീക്ഷകര്‍ പറയുന്നു. സൈബീരിയയില്‍ നിന്ന് ഒക്ടോബറില്‍ കേരളത്തിലെത്തി മാര്‍ച്ചില്‍ മടങ്ങിപ്പോവുന്ന വാഗ്ടയില്‍സ്' ഇത്തവണ ഡിസംബറിലാണ് കേരളത്തിലെത്തിയത്. ചൂടു കൂടുതലായതിനാല്‍ നേരത്തെ തന്നെ മടങ്ങിപ്പോവുകയും ചെയ്തു. കാലാവസ്ഥാ മാറ്റവും ആഗോള താപനവുമെല്ലാം മൃഗങ്ങളുടെയും പക്ഷികളുടെയും ആവാസവ്യവസ്ഥ തകര്‍ക്കുന്നതായാണ് ഈ മാറ്റങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
Next Story

RELATED STORIES

Share it