കാലാവസ്ഥാ ഉച്ചകോടി: ആഗോളതാപനം കുറയ്ക്കുമെന്ന് കരട് രേഖ

പാരിസ്: ആഗോളതാപനം രണ്ടു ഡിഗ്രി സെല്‍ഷ്യസില്‍ താഴെ നിര്‍ത്തണമെന്ന സുപ്രധാന നിര്‍ദേശം മുന്നോട്ടുവയ്ക്കുന്ന കരാറിന്റെ കരടില്‍ ഫ്രഞ്ച് തലസ്ഥാനത്ത് ചര്‍ച്ച തുടങ്ങി. രണ്ടാഴ്ചയായി തുടരുന്ന കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയിലെ ചര്‍ച്ചകളുടെ ഫലമായാണ് കരടിന് അന്തിമ രൂപമായത്. ചര്‍ച്ചകള്‍ക്ക് അധ്യക്ഷത വഹിക്കുന്ന ഫ്രഞ്ച് വിദേശകാര്യ മന്ത്രി ലോറന്റ് ഫാബിയസ് കരട് രൂപം പരസ്യപ്പെടുത്തി.
കരാര്‍ സുതാര്യവും നിയമ പിന്‍ബലമുള്ളതുമാവുമെന്ന് ഫാബിയസ് പറഞ്ഞു. എല്ലാ രാജ്യങ്ങളുടെയും ആശങ്കകള്‍ കണക്കിലെടുത്താണ് കരട് തയ്യാറാക്കിയത്. ഉച്ചകോടിക്കെത്തിയ പ്രതിനിധികള്‍ക്ക് പകര്‍പ്പുകള്‍ കൈമാറി. കാര്‍ബണ്‍ ബഹിര്‍ഗമന തോത് കുറച്ച് ആഗോളതാപനം 1.5 ഡിഗ്രിക്കും 2 ഡിഗ്രിക്കുമിടയില്‍ നിലനിര്‍ത്തണമെന്ന നിര്‍ദേശമാണ് കരട് മുന്നോട്ടു വയ്ക്കുന്നത്. മന്ത്രിതല സമ്മേളനത്തില്‍ എതിര്‍പ്പുണ്ടായാല്‍ കരട് പാസാവില്ല.
200ഓളം രാജ്യങ്ങളാണ് ഉച്ചകോടിയില്‍ സംബന്ധിക്കുന്നത്. എല്ലാ രാജ്യങ്ങളും കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കണമെന്ന നിര്‍ദേശം വികസ്വരരാജ്യങ്ങള്‍ അംഗീകരിക്കാന്‍ സാധ്യതയില്ല. 2020ലാണ് കരാര്‍ നടപ്പാക്കുക. ഇതുമൂലം വികസ്വരരാജ്യങ്ങള്‍ക്കുണ്ടാവുന്ന നഷ്ടം നികത്തുന്നതിന് സമ്പന്നരാജ്യങ്ങള്‍ പ്രതിവര്‍ഷം 10,000 കോടി ഡോളര്‍ സഹായധനം നല്‍കണമെന്ന നിര്‍ദേശം സമുദ്ര മേഖലയിലെ രാജ്യങ്ങള്‍ സ്വാഗതം ചെയ്തു.
മന്ത്രിതല ചര്‍ച്ചയില്‍ കരട് അംഗീകരിച്ചാല്‍ രണ്ട് ദശാബ്ദമായി നടക്കുന്ന കാലാവസ്ഥ ചര്‍ച്ചകളില്‍ സുപ്രധാന നാഴികക്കല്ലാവും. സമ്പന്ന രാജ്യങ്ങള്‍ കൂടുതല്‍ ധനസഹായം നല്‍കണമെന്ന വിഷയത്തില്‍ തര്‍ക്കം നിലവിലുണ്ട്. പരിഹാരം കരാറിലുണ്ടെന്നാണ് നയതന്ത്ര വൃത്തങ്ങള്‍ പറയുന്നത്. സുപ്രധാന വിഷയങ്ങളില്‍ നേതാക്കള്‍ക്കിടയില്‍ ധാരണയിലെത്താത്ത സാഹചര്യത്തില്‍ വെള്ളിയാഴ്ച അവസാനിക്കേണ്ട ഉച്ചകോടി ഒരു ദിവസം കൂടി നീട്ടുകയായിരുന്നു. വെള്ളിയാഴ്ച രാത്രി നടന്ന തിരക്കിട്ട ചര്‍ച്ചകളിലാണ് കരാറിന്റെ കരട് തയ്യാറായത്. നേരത്തേ 27 പേജുള്ള കരട് കരാറാണ് തയ്യാറാക്കിയതെങ്കില്‍ നിലവില്‍ ഇത് 20 പേജാക്കി കുറച്ചിട്ടുണ്ട്.
കാര്‍ബണ്‍ ബഹിര്‍ഗമനത്തിന് പ്രധാന കാരണക്കാരായ വികസിത രാജ്യങ്ങള്‍ നഷ്ടപരിഹാരമായി ഫണ്ട് നീക്കിവയ്ക്കണമെന്നാണ് വികസ്വരരാജ്യങ്ങളുടെ ആവശ്യം.
Next Story

RELATED STORIES

Share it