Kollam Local

കാലവര്‍ഷം പടിവാതിക്കല്‍: മഴക്കാല പൂര്‍വ ശുചീകരണം കാര്യക്ഷമമായില്ല

കൊല്ലം: മഴ പടിവാതില്‍ കയറി വന്നിട്ടും നഗരത്തില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായില്ല. ഓടകള്‍ മിക്കതും മാലിന്യം നിറഞ്ഞ് കിടക്കുമ്പോഴും കോര്‍പറേഷന്‍ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചതെയുള്ളു. കാലവര്‍ഷം ശക്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ നഗരത്തിലെ ഓടകള്‍ മാലിന്യനിക്ഷേപ കേന്ദ്രങ്ങളായിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വേനല്‍ മഴയില്‍ തന്നെ ചിന്നക്കടയും ഇടറോഡുകളും വെള്ളക്കെട്ടിലായിരുന്നു. ഇവിടെ മാര്‍ക്കറ്റില്‍നിന്നുള്ള മാലിന്യങ്ങളും തെര്‍മോകോള്‍ അവശിഷ്ടങ്ങളും അടഞ്ഞ് വെള്ളം ഒഴുകിപ്പോകാത്ത അവസ്ഥയുണ്ടായിരുന്നു. മെയിന്‍ റോഡില്‍ താലൂക്ക് കച്ചേരിക്കും പാര്‍വതിമില്ലിനും മധ്യേ സെന്റ് ജോസഫ് സ്‌കൂളിന് സമീപത്തെ ഓട മാലിന്യം നിറഞ്ഞുകിടക്കുന്നത് മൂലം വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത നിലയില്‍ ഇവിടെ വെള്ളക്കെട്ട് ഉണ്ടായിരുന്നു.
ഹൈസ്‌കൂള്‍ ജങ്ഷന്‍, ചിന്നക്കട-വടയാറ്റുകോട്ട റോഡ്, കടപ്പാക്കട തുടങ്ങിയ നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ദേശീയപാതയില്‍ കടപ്പാക്കട ജങ്ഷനില്‍ ചെറിയ മഴയില്‍ പോലും വലിയ വെള്ളക്കെട്ടാണ് രൂപപ്പെടുന്നത്. വെള്ളക്കെട്ടിനൊപ്പം മാലിന്യം നിറഞ്ഞ വെള്ളം കെട്ടികിടക്കുന്നതുമൂലമുള്ള അസഹ്യമായ ദുര്‍ഗന്ധവും യാത്രക്കാരെ വലയ്ക്കുന്നുണ്ട്.
ചിലയിടങ്ങളില്‍ ഓടയുടെ അശാസ്ത്രീയ നിര്‍മാണമാണ് വെള്ളം ഒഴുകിപ്പോകാതിരിക്കുന്നതിനുള്ള കാരണം. പലയിടത്തും വേണ്ടത്ര വീതിയില്ല. ഇവിടെ മാലിന്യങ്ങള്‍ വന്നുനിറയുന്നതോടെ സമീപത്തെ റോഡുകള്‍ പുഴപോലെയാകും. കാല്‍നടപോലും ദുസ്സഹമാണ്. നഗരത്തിലെ മാലിന്യസംസ്‌കരണം ക്രമമായി നടക്കാത്തതാണ് വെള്ളക്കെട്ടിന് കാരണമായി പറയുന്നത്. ഓടകള്‍ക്ക് സമീപമാണ് മാലിന്യങ്ങള്‍ കൂട്ടിയിടുന്നത്. മഴ പെയ്യുന്നതോടെ പഌസ്റ്റിക് ഉള്‍പ്പെടെ ഓടകളിലേക്ക് ഒലിച്ചിറങ്ങും. ഇവ ഒഴുകിപ്പോകാതെ തടഞ്ഞുനില്‍ക്കുന്നതോടെ ഇവിടെ വെള്ളക്കെട്ടാകും. സമീപത്തെ കടകളിലേക്കും മറ്റും വെള്ളം കയറുമ്പോള്‍ അവര്‍ മാലിന്യം കുത്തി ഇളക്കിവിടുകയാണ് പതിവ്. നഗരത്തിലെ ഓടകളുടെ വീതിക്കുറവാണ് വെള്ളക്കെട്ടിനിടയാക്കുന്നത്. സമയത്ത് ശുചീകരണം നടത്താനും മാലിന്യങ്ങള്‍ നീക്കാനും കോര്‍പറേഷന്‍ നടപടി സ്വീകരിക്കാത്തതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയിരിക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു.
Next Story

RELATED STORIES

Share it