Pathanamthitta local

കാലവര്‍ഷം: നാശനഷ്ടം 24 മണിക്കൂറിനുള്ളില്‍ തിട്ടപ്പെടുത്താന്‍ നിര്‍ദേശം

പത്തനംതിട്ട: കാലവര്‍ഷവുമായി ബന്ധപ്പെട്ടുണ്ടാകുന്ന നാശനഷ്ടങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ തിട്ടപ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ എസ് ഹരികിഷോര്‍ നിര്‍ദേശം നല്‍കി. തഹസീല്‍ദാര്‍മാര്‍, വില്ലേജ് ഓഫിസര്‍മാര്‍, കൃഷി ഓഫിസര്‍മാര്‍, വെറ്ററിനറി ഓഫിസര്‍മാര്‍ എന്നിവര്‍ക്കാണ് നിര്‍ദേശം.
അലഞ്ഞു തിരിഞ്ഞു നടക്കുകയും കടത്തിണ്ണകളിലും മറ്റും അന്തിയുറങ്ങുകയും ചെയ്യുന്നവരുടെ വിവരശേഖരണം നടത്തണമെന്ന് തഹസീല്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയില്‍ 160 ഡെങ്കിപ്പനി രേഖപ്പെടുത്തിയ സാഹചര്യത്തില്‍ രോഗം കണ്ടെത്തിയ സ്ഥലങ്ങളിലും രോഗസാധ്യതയുള്ള സ്ഥലങ്ങളിലും പ്രത്യേക പദ്ധതി തയാറാക്കി രോഗപ്രതിരോധ നടപടി സ്വീകരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് (ആരോഗ്യം) നിര്‍ദേശം നല്‍കി.
ഇതിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫിസില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം (ഫോണ്‍: 0468-2228220) പ്രവര്‍ത്തനം തുടങ്ങി.
കാലവര്‍ഷക്കെടുതി നേരിടുന്നതിന് കളക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം(ഫോണ്‍:0468-2322515, 0468-2222515) തുറന്നു. ജൂണ്‍ ഒന്നു മുതല്‍ കളക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്കു പുറമേ പോലിസ്, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെയും നിയോഗിക്കും.
വൈദ്യസഹായം ഉടന്‍ ലഭ്യമാക്കുന്നതിന് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട് ഡോക്ടര്‍ ഓണ്‍ കോള്‍ സംവിധാനം ഏര്‍പ്പെടുത്തും. എല്ലാ താലൂക്ക് ഓഫിസുകളിലെയും കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും.
താലൂക്കും കണ്‍ട്രോള്‍ റൂം നമ്പരും-തിരുവല്ല: 0469-2601303, കോഴഞ്ചേരി: 0468-2222221, മല്ലപ്പള്ളി: 0469-2682293, അടൂര്‍: 04734-224826, റാന്നി: 04735-227442, കോന്നി: 0468-2240087.
റോഡിലെ അഴുക്ക് ചാലുകള്‍ ശുചീകരിക്കുന്നതിന് പൊതുമരാമത്ത് നിരത്തു വിഭാഗത്തിനും, ആരോഗ്യവകുപ്പ് ശേഖരിച്ച് നല്‍കുന്ന കുടിവെള്ള സാംപിളുകള്‍ എത്രയും വേഗം പരിശോധന നടത്തി ഫലം ലഭ്യമാക്കണമെന്ന് ജല അതോറിറ്റിക്കും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.
വാര്‍ഡ്തല ശുചീകരണത്തിന് 25,000 രൂപ ലഭ്യമാക്കും. ഈ തുക ഫലപ്രദമായി ചെലവഴിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് നിരീക്ഷണം നടത്തുന്നതിന് പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it