കാലത്തിനൊത്ത് മാറുന്ന തിരഞ്ഞെടുപ്പ് കോലങ്ങളും

കെ അഞ്ജുഷ

കോഴിക്കോട്: തിരഞ്ഞെടുപ്പ് അടുത്തെത്തിയാല്‍ പ്രചാരണത്തിനായി തകരത്തില്‍ ചിഹ്നം വെട്ടിയെടുത്ത് അതിന് നിറങ്ങള്‍ നല്‍കുന്ന ഒരുകൂട്ടര്‍ കേരളത്തില്‍ സജീവമായിരുന്നു. പിന്നീട് ശിവകാശിയില്‍ നിന്നെത്തുന്ന പോസ്റ്ററുകള്‍ നാടും നഗരവും കീഴടക്കി. ഇന്ന് തിരഞ്ഞെടുപ്പ് പ്രചാരണം ഇവന്റ് മാനേജ്‌മെന്റുകളുടെ മേല്‍നോട്ടത്തില്‍ ഹൈടെക് രീതിയിലേക്ക് മാറിയിരിക്കുന്നു. ഇത് കേരളത്തിന്റെ കാലത്തിനൊത്ത് മാറുന്ന തിരഞ്ഞെടുപ്പ് കോലം.
തകരത്തില്‍ തീര്‍ത്ത കോളാമ്പി വിരലുകള്‍ക്കിടയില്‍ മുറുകെ പിടിച്ച് സ്ഥാനാര്‍ഥിയുടെ ഉള്ളതും ഇല്ലാത്തതുമായ ഗുണഗണങ്ങള്‍ വിളിച്ചുപറയുന്നവരെ ഇന്നു കാണില്ല. ഒരുവലിയ പെട്ടിയുടെ നാലുവശത്തും സ്ഥാനാര്‍ഥിക്ക് വോട്ട് അഭ്യര്‍ഥിച്ച് തലയില്‍ താങ്ങി നാടും ഇടവഴികളും കയറിയിറങ്ങിയ സ്‌ക്വാഡുകള്‍ ഓര്‍മകളില്‍മാത്രം.
രാഷ്ട്രീയപ്പാര്‍ട്ടിക്കാര്‍ വാട്‌സ് ആപ്പും ഫെയിസ്ബുക്കും മാത്രമറിയുന്ന ന്യൂജന്‍ വോട്ടര്‍മാരിലേക്ക് തങ്ങളുടെ ആശയങ്ങളെത്തിക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ഹൈടെക് രീതികളെ കൂട്ടുപിടിച്ചേ പറ്റു എന്നായി. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു മാസം ശേഷിക്കേ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ന്യൂജന്‍ തിരഞ്ഞെടുപ്പ് രീതികളുമായി മുന്നിട്ടിറങ്ങുകയാണ്.
ഒരു മിസ്ഡ് കോളില്‍ തുടങ്ങിയ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രചാരണങ്ങള്‍ വേറിട്ട രീതികളുമായി മുന്നേറുകയാണ്. സ്ഥാനാര്‍ഥിക്ക് പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്ന വോട്ടര്‍മാര്‍ക്ക് തങ്ങളുടെ ഫോട്ടോകള്‍ സ്ഥാനാര്‍ഥിയുടെ പോസ്റ്ററില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന ന്യൂജന്‍ രീതിയുമായി ബേപ്പൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി കെ സി മമ്മദ്‌കോയ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതിയ ഭാവങ്ങള്‍ നല്‍കി നാട് ശുചീകരിച്ച് ആലപ്പുഴയില്‍ തോമസ് ഐസക് എംഎല്‍എയുടെ പ്രചാരണം മുന്നേറുന്നു. ടിവി, റേഡിയോ തുടങ്ങി നവ മാധ്യമങ്ങളില്‍കൂടി പ്രചാരണം പൊടിപൊടിക്കുന്നു. ട്രെയിനുകളിലും പരസ്യപ്രചാരണം സജീവമായി.
തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള സമഗ്ര വിവരങ്ങളുമായി പണ്ട് നാട്ടിന്‍പുറത്തെ ചായക്കടകളില്‍ സജീവമായിരുന്ന രാഷ്ട്രീയ ചര്‍ച്ചകള്‍ മൈ ഇലക്ഷന്‍ എന്ന മൊബൈല്‍ ആപ് ഉള്‍പ്പെടെ നവമാധ്യമങ്ങളിലൂടെ ന്യൂജനിലേക്ക്.
Next Story

RELATED STORIES

Share it