Districts

കാലക്കേടു മാറി എല്‍ഡിഎഫ്

എച്ച് സുധീര്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അരികിലെത്തിയ സാഹചര്യത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ നേടിയ മുന്നേറ്റം ഇടതുക്യാംപിനു പ്രതീക്ഷയേകുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനു ശേഷം നിയമസഭയിലും ലോക്‌സഭയിലും മൂന്ന് ഉപതിരഞ്ഞെടുപ്പിലും അടിതെറ്റിയ എല്‍ഡിഎഫിന് നിലവിലെ വിജയം ഏറെ ആശ്വാസമായി. വര്‍ഗീയധ്രുവീകരണവും അടിയൊഴുക്കുകളും വിമതരും ഭീഷണി ഉയര്‍ത്തിയിരുന്നില്ലെങ്കില്‍ ഇതിലും വലിയ മുന്നേറ്റം പ്രകടമായേനെയെന്നും എല്‍ഡിഎഫ് കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞതവണ 363 പഞ്ചായത്തുകളില്‍ ഒതുങ്ങിപ്പോയ എല്‍ഡിഎഫ് ഇത്തവണ 548 പഞ്ചായത്തുകളുടെ അമരത്തെത്തി. ഗ്രാമപ്പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും വലിയ നേട്ടമുണ്ടാക്കിയ എല്‍ഡിഎഫ് നഗരങ്ങളിലും മോശമല്ലാത്ത പ്രകടനം നടത്തി. 89 ബ്ലോക്കിലും 45 മുനിസിപ്പാലിറ്റിയിലുമാണ് ആധിപത്യം ഉറപ്പിക്കാനായത്. 2010ല്‍ 60 ബ്ലോക്കിലും 24 നഗരസഭകളിലും മാത്രമാണ് ഇടതിനു പിടിച്ചുനില്‍ക്കാനായത്.
മുന്‍കാലങ്ങളില്‍ ഭീഷണിയായിരുന്ന വിഭാഗീയതില്‍ നിന്ന് ഒഴിഞ്ഞുമാറി സംഘടനാപരമായ കെട്ടുറപ്പ് സിപിഎം വീണ്ടെടുത്തുവെന്നതാണ് ഇത്തവണ എല്‍ഡിഎഫിനു ഗുണകരമായത്. കൂടാതെ, സാമുദായിക ശക്തികളെ കൂട്ടുപിടിച്ച് വര്‍ഗീയ ധ്രുവീകരണം നടത്തിയ ബിജെപിക്കെതിരായ പ്രതിരോധവും എല്‍ഡിഎഫിനു നേട്ടമായി. എന്നാല്‍, ബിജെപിയുടെ നിലവിലെ മുന്നേറ്റം സമീപഭാവിയില്‍ കേരളരാഷ്ട്രീയത്തിനു ഭീഷണിയാവുമെന്നും സിപിഎം വിലയിരുത്തുന്നു.
യുഡിഎഫിന്റെ വികസനരാഷ്ട്രീയത്തിനു ബദലായി അഴിമതിവിരുദ്ധ നീക്കങ്ങളാണ് തദ്ദേശതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നടത്തിയത്. മുന്‍ തിരഞ്ഞെടുപ്പുകളില്‍ മുന്നണിക്കും സിപിഎമ്മിനും വിനയായത് സംഘടനാപ്രശ്‌നങ്ങളായിരുന്നു. ഇതിനിടെ, പിബി അംഗം പിണറായി വിജയനെ മുന്‍നിര്‍ത്തി അരുവിക്കര പിടിക്കാനുള്ള ശ്രമങ്ങളും തിരിച്ചടിയായി. ഇതോടെ, തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷനേതാവായ വിഎസിന്റെ ഉത്തരവാദിത്തം കൂടി. പ്രചാരണ നായകനായി അണികളെ സംഘടിപ്പിക്കുന്നതിനൊപ്പം വോട്ടുവിഹിതം വര്‍ധിപ്പിക്കാനുള്ള ഉത്തരവാദിത്തവും വിഎസിലേക്കു കേന്ദ്രീകരിച്ചു. ഇതിനിടെ, ഉയര്‍ന്നുവന്ന വെള്ളാപ്പള്ളി നടേശനെതിരായ വികാരത്തിലേക്ക് തിരഞ്ഞെടുപ്പു പോരാട്ടത്തെ കൊണ്ടെത്തിക്കാന്‍ വിഎസിനു കഴിഞ്ഞു. അതോടെ, ബിജെപി- എസ്എന്‍ഡിപി കൂട്ടുകെട്ടിനെതിരായ നിലപാടുകളും ചര്‍ച്ചകളില്‍ ഇടംനേടി. വെള്ളാപ്പള്ളി കൂട്ടുകെട്ടില്‍ മല്‍സരിച്ച ഇടങ്ങളില്‍ കാര്യമായ നേട്ടമുണ്ടാക്കാനും ബിജെപിക്കായില്ല.
അതേസമയം, കണ്ണൂര്‍ മേഖല ഉള്‍പ്പെടെ സംസ്ഥാനത്ത് ഉടനീളം പാര്‍ട്ടിക്കുള്ളില്‍ വിഎസിനു സ്വീകാര്യതയുമേറി. കണ്ണൂരിലെ പ്രചാരണ പരിപാടികളില്‍ വമ്പിച്ച സ്വീകരണമാണ് വിഎസിനു ലഭിച്ചത്. പൊതുവെ എല്ലാ വിഷയങ്ങളിലും വാചാലനാവുന്ന വിഎസ് സ്ഥാനാര്‍ഥി നിര്‍ണയം, നേതൃത്വ വിവാദം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ മൗനം അവലംബിക്കുകയും സംഘപരിവാരത്തെയും എസ്എന്‍ഡിപിയയും ലക്ഷ്യംവയ്ക്കുകയും ചെയ്തതോടെ പാര്‍ട്ടിയിലെ തര്‍ക്കങ്ങളും വഴിമാറി. ഇതിനിടെ, ബാര്‍ കോഴയിലെ കോടതിവിധിയും എല്‍ഡിഎഫിനു പിടിവള്ളിയായി. പ്രാദേശിക വിഷയത്തിനൊപ്പം ദേശീയ- സംസ്ഥാന രാഷ്ട്രീയത്തിലെ വിവാദങ്ങള്‍ ഫലപ്രദമായി ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞുവെന്നത് എല്‍ഡിഎഫിന് അനൂകൂല ഘടകമാണ്. തദ്ദേശതിരഞ്ഞെടുപ്പില്‍ നടത്തിയ ഇടപെടലുകളെ കൂടുതല്‍ ഫലപ്രദമാക്കി വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഉപയോഗപ്പെടുത്താനാവും എല്‍ഡിഎഫ് ശ്രമം. തിരഞ്ഞെടുപ്പ് വിജയത്തിലെ അവകാശവാദം സംബന്ധിച്ച തര്‍ക്കങ്ങളാവും ഇനി സിപിഎം നേരിടേണ്ടിവരുക. ഇതിനുപുറമെ, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ ആരു നയിക്കുമെന്ന കാര്യത്തിലും തര്‍ക്കം രൂക്ഷമാവുമെന്നതും ഉറപ്പ്.
Next Story

RELATED STORIES

Share it