wayanad local

കാലംതെറ്റിയ മഴ കര്‍ഷകരെ ദുരിതത്തിലാക്കി

മുള്ളന്‍കൊല്ലി: കാലംതെറ്റിയ മഴ കുടിയേറ്റ മേഖലയില്‍ കര്‍ഷകരെ ദുരിതത്തിലാക്കി. വില കുറവാണെങ്കിലും നിരവധി റബര്‍ കര്‍ഷകര്‍ കുടിയേറ്റ മേഖലയില്‍ ഇപ്പോഴും ടാപ്പിങ് നടത്തുന്നുണ്ട്. എന്നാല്‍, രണ്ടാഴ്ചയിലധികമായി ഇടവിട്ട് പെയ്യുന്ന ചെറിയ മഴ ടാപ്പിങിന് തടസ്സമായിരിക്കുകയാണ്. അതിനാല്‍ പാല്‍ എടുക്കാന്‍ കഴിയാതെയും എടുത്ത പാല്‍ ഉറയൊഴിച്ച് ഉണക്കാന്‍ കഴിയാതെയും കര്‍ഷകര്‍ വിഷമിക്കുകയാണ്.
നെല്‍പ്പാടങ്ങളൊക്കെ ഇപ്പോള്‍ കൊയ്ത്തിന് പാകമായി കിടക്കുകയാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നെല്‍കൃഷിക്ക് ഇത്തവണ ഉല്‍പാദനച്ചെലവ് ഇരട്ടിയായിരുന്നു. കൂടുതല്‍ കര്‍ഷകര്‍ നെല്‍കൃഷിയുമായി രംഗത്തുവന്നതോടെ ജോലിക്കാരെ ലഭിക്കാതെ വന്നതും യന്ത്രസാമഗ്രിഹകള്‍ സമയത്ത് കിട്ടാത്തതും ചെലവ് വര്‍ധിക്കാന്‍ കാരണമായി. വന്‍ തുക ചെലവാക്കി കൃഷി ചെയ്ത കര്‍ഷകരെല്ലാം അങ്കലാപ്പിലാണ്. അന്തരീക്ഷം മൂടിക്കെട്ടി നില്‍ക്കുന്നതും ഇടയ്ക്കിടെ മഴ പെയ്യുന്നതുമൂലം കര്‍ഷകര്‍ക്ക് നെല്ല് കൊയ്‌തെടുക്കാന്‍ പേടിയാണ്. നെല്ല് കൊയ്താല്‍ മെതിച്ചെടുക്കാന്‍ കഴിയാതെ നെല്ലും വൈക്കോലും വയലില്‍ കിടന്ന് നശിക്കും. കൊയ്തില്ലെങ്കിലും നശിക്കുമെന്ന അവസ്ഥയാണ്.
വിളഞ്ഞ് പാകമായ അടക്ക പറിച്ചെടുക്കാന്‍ കഴിയാതെ കണ്ണീരിലാണ് കവുങ്ങ് കര്‍ഷകര്‍. പഴുത്ത അടക്ക കൊഴിഞ്ഞുവീഴാന്‍ തുടങ്ങി. മഴ തുടരുന്നതും കാലാവസ്ഥയില്‍ മാറ്റം വരുന്നതിനാലും പൊളിച്ചെടുത്ത അടക്ക പുഴുങ്ങി ഉണക്കാന്‍ പറ്റാത്തതിനാല്‍ കമ്പനിക്കാരും അടക്ക വാങ്ങുന്നതു നിര്‍ത്തി. കഴിഞ്ഞ ആഴ്ച വരെ 32 രൂപ വരെ വിലയുണ്ടായിരുന്ന പൊളിക്കാത്ത അടക്കക്ക് ഇന്നലെ 20 രൂപയാണ് വില. അതുതന്നെ വാങ്ങാന്‍ പല കച്ചവടക്കാര്‍ക്കും മടിയായിരുന്നു. മഴയും കാലാവസ്ഥയും മാറുന്നതുവരെ കവുങ്ങ് കര്‍ഷകരും ആശങ്കയിലാണ്. കാപ്പി കര്‍ഷകരുടെ സ്ഥിതിയും മറിച്ചല്ല. വിളഞ്ഞ് മഴനനഞ്ഞ് നശിച്ചു തുടങ്ങിയ കാപ്പിത്തോട്ടങ്ങള്‍ കുടിയേറ്റ മേഖലയില്‍ നിരവധിയാണ്.
Next Story

RELATED STORIES

Share it