Gulf

കാറ്റും മഴയും; പലയിടത്തും നാശനഷ്ടങ്ങള്‍

ദോഹ: ശക്തമായ കാറ്റും മഴയും ഇടിമിന്നലും ഖത്തറില്‍ വീണ്ടും നാശനഷ്ടങ്ങള്‍ വിതച്ചു. വ്യാഴാഴ്ച ഉച്ചമുതല്‍ തുടങ്ങിയ മഴ രാത്രിയും തുടര്‍ന്നപ്പോള്‍ റോഡുകള്‍ പലതും തോടായി. പലയിടത്തും മരങ്ങള്‍ മുറിഞ്ഞു വീണു. വില്ലകളിലും അപാര്‍ട്ട്‌മെന്റുകളിലും മറ്റ് കെട്ടിടങ്ങളിലും ചോര്‍ച്ച അനുഭവപ്പെട്ടു. ഖത്തര്‍ നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററിന് പുറത്ത് അല്‍റയ്യാന്‍ റോഡില്‍ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ വെള്ളക്കട്ട് അനുഭവപ്പെട്ടു. സ്ഥിതിഗതികള്‍ കാര്യക്ഷമമായി നേരിടുന്നതിന് അശ്ഗാലിലെയും മുനിസിപ്പാലിറ്റി-പരിസ്ഥിതി മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച്ച രാത്രി അടിയന്തര യോഗം ചേര്‍ന്നു.
റോഡുകളും ഡ്രെയ്‌നേജ് സംവിധാനങ്ങളും നിരന്തരമായി നിരീക്ഷിക്കുന്നുണ്ടെന്നും അടിയന്തര ഇടപെടലിന് സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ടെന്നും അശ്ഗാല്‍ അറിയിച്ചു. വെള്ളക്കെട്ടുണ്ടെങ്കില്‍ അറിയിക്കുന്നതിന് ബലദിയ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം നവംബര്‍ അവസാനം രാജ്യത്ത് വന്‍ നാശനഷ്ടങ്ങള്‍ വിതച്ച മഴയുടെ അത്രയും ശക്തമായിരുന്നില്ല കഴിഞ്ഞ ദിവസത്തെ മഴ. ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്, ഷെറാട്ടണ്‍ ഹോട്ടല്‍ തുടങ്ങി പല പ്രമുഖ കെട്ടിടങ്ങളിലും നവംബറിലെ മഴയില്‍ ചോര്‍ച്ച അനുഭവപ്പെട്ടിരുന്നു.
ഷെറാട്ടണ്‍ ഹോട്ടല്‍, ഡബ്ല്യു ഹോട്ടല്‍, ലാന്റ് മാര്‍ക്ക് മാള്‍ തുടങ്ങി പ്രമുഖ ഹോട്ടലുകളിലും മാളുകളിലും കഴിഞ്ഞ ദിവസം രാത്രി ചോര്‍ച്ച അനുഭവപ്പെട്ടതായി ദോഹ ന്യൂസ് റിപോര്‍ട്ട് ചെയ്തു. കാറ്റും മഴയും ചിലയിടങ്ങളില്‍ ആലിപ്പഴ വര്‍ഷമായി മാറി. ഇതേ തുടര്‍ന്ന് വെസ്റ്റ്‌ബേയിലെ ഉയര്‍ന്ന ടവറുകളില്‍ പലതിന്റയും പുറത്തെ അലങ്കാരങ്ങള്‍ക്ക് കേട് പറ്റി. അല്‍അരീന്‍ ടവര്‍, ഡിപ്ലോമാറ്റിക് സ്ട്രീറ്റിലെ ബീച്ച് ടവര്‍ തുടങ്ങിയവ നാശനഷ്ടമുണ്ടായവയില്‍പ്പെടും.
ശക്തമായ കാറ്റില്‍ ബാല്‍ക്കണികളില്‍ ഉണ്ടായിരുന്ന കേസരകള്‍ പറന്നു പോവുകയും മാലിന്യപ്പെട്ടികള്‍ റോഡിലേക്കു മറിയുകയും ചെയ്തു. താല്‍ക്കാലിക കാര്‍ പാര്‍ക്കിങുകളിലെ പന്തല്‍ പൊളിഞ്ഞ് വാഹനങ്ങള്‍ക്ക് മുകളില്‍ വീണു. കാലാവസ്ഥയില്‍ പൊടുന്നനെയുണ്ടായ മാറ്റത്തെ തുടര്‍ന്ന് വിമാനങ്ങളില്‍ പലതും വൈകിയതായും റിപോര്‍ട്ടുണ്ട്.
Next Story

RELATED STORIES

Share it