കാറുകളുടെ തകരാര്‍ 2016നകം പരിഹരിക്കും: ഫോക്‌സ് വാഗണ്‍

ബെര്‍ലിന്‍: മലിനീകരണത്തോത് കുറച്ചു കാണിക്കുന്നതിനായി കൃത്രിമം നടത്തിയ കാറുകള്‍ 2016 അവസാനത്തിനകം തകരാര്‍ പരിഹരിച്ചു നല്‍കുമെന്നു ഫോക്‌സ് വാഗണ്‍ കമ്പനി സി.ഇ.ഒ. മത്യാസ് മുള്ളര്‍. ഇതിനായി ജനുവരി മുതല്‍ കാറുകള്‍ തിരിച്ചുവിളിക്കുമെന്നും മുള്ളര്‍ ജര്‍മന്‍ ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

കൃത്രിമം നടത്തിയതില്‍ ഏതാനും ചില ജീവനക്കാര്‍ക്കു മാത്രമാണ് ബന്ധമുള്ളതെന്നും മുള്ളര്‍ പറഞ്ഞു. 1.1 കോടി ഡീസല്‍ വാഹനങ്ങളിലാണ് മലിനീകരണത്തോത് കുറച്ചു കാണിക്കുന്നതിനായി പ്രത്യേക സോഫ്റ്റ്‌വെയര്‍ ഘടിപ്പിച്ചതായി കമ്പനി കുറ്റസമ്മതം നടത്തിയത്.യു.എസിലെ പരിശോധനയിലാണ് കൃത്രിമം പുറത്തായത്. തുടര്‍ന്ന് ഫോക്‌സ് വാഗണ്‍ കമ്പനിക്കെതിരേ യു.എസില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തിരുന്നു.

പിന്നാലെ ഫ്രാന്‍സ്, ഇറ്റലി, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ രാഷ്ട്രങ്ങള്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ബ്രിട്ടനില്‍ മാത്രം 12 ലക്ഷം വാഹനങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ട്.കാര്‍ നിര്‍മാണരംഗത്ത് യൂറോപ്പിലെ അതികായരായ ഫോക്‌സ് വാഗണിന്റെ തട്ടിപ്പ് പുറത്തായതിനു പിന്നാലെ കമ്പനിയുടെ ഓഹരിവില കുത്തനെ ഇടിഞ്ഞിരുന്നു.
Next Story

RELATED STORIES

Share it