കാറപകടത്തില്‍ മൂന്നു ഹാന്‍ഡ്‌ബോള്‍ താരങ്ങള്‍ അടക്കം നാലു പേര്‍ മരിച്ചു

എടപ്പാള്‍: പൊന്നാനിക്കും എടപ്പാളിനുമിടയില്‍ തുയ്യം വലിയപാലത്തിനു സമീപം ടവേര കാര്‍ വൈദ്യുതിപോസ്റ്റിലും മരത്തിലും ഇടിച്ച് നിയന്ത്രണം വിട്ട് സമീപത്തെ തോട്ടിലേക്കു മറിഞ്ഞ് നാലു പേര്‍ മരിച്ചു. ഏഴു പേര്‍ക്ക് ഗുരുതര പരിക്ക്. തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം.
മരിച്ചവരില്‍ മൂന്നു പേര്‍ ഹാന്‍ഡ്‌ബോള്‍ താരങ്ങളും ഒരാള്‍ എടപ്പാള്‍ ഗ്രാമപ്പഞ്ചായത്തിലെ യുഡി ക്ലാര്‍ക്കുമാണ്. എറണാകുളം പള്ളുരുത്തി മുക്കത്തുതറ രാജീവന്‍-കവിത ദമ്പതികളുടെ മകനും പള്ളുരുത്തി ജോണ്‍ ടി ബ്രിട്ടോ ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയുമായ അതുല്‍ രാജ് (14), ചേന്നമംഗലം കോള ഹൗസില്‍ ഷാജിയുടെ മകനും പറവൂര്‍ കരിമ്പാടം ജിഡിഡിഎസ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയുമായ അമല്‍ കൃഷ്ണന്‍ (15), എറണാകുളം കടവന്ത്ര മലക്കപ്പറമ്പ് ഹൗസില്‍ സുനിലിന്റെ മകന്‍ എറണാകുളം എസ്ആര്‍വി ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി സുധീഷ് (15), എടപ്പാള്‍ ഗ്രാമപ്പഞ്ചായത്ത് ഓഫിസിലെ യുഡി ക്ലാര്‍ക്കും ചങ്ങരംകുളം സ്വദേശിയുമായ നെടുംപറമ്പില്‍ ചാക്കപ്പന്റെ മകന്‍ സേവ്യര്‍ (52) എന്നിവരാണ് മരിച്ചത്.
എറണാകുളം നോര്‍ത്ത് പറവൂര്‍ മുണ്ടുരുത്തി നെടുംപറമ്പത്ത് വീട്ടില്‍ ജോയിയുടെ മകന്‍ ബിജോയ് (16), മലപ്പുറം ചിയ്യാനൂര്‍ കോക്കൂര്‍ നെടുംപറമ്പത്ത് വീട്ടില്‍ സേവിയറുടെ മകന്‍ മെല്‍ബിന്‍ (13), കൊച്ചി പള്ളുരുത്തി കമ്പത്തോട്ടത്തില്‍ വീട്ടില്‍ സമ്പത്ത് റാവുവിന്റെ മകന്‍ സൂരജ് (16) എന്നിവര്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.
ബിജോയിക്ക് തലയ്ക്കും മെല്‍ബിനു കഴുത്തിനുമാണ് പരിക്ക്. രണ്ടു പേരെയും അടിയന്തര ശസ്ത്രക്രിയക്കു വിധേയരാക്കി. നോര്‍ത്ത് പറവൂര്‍ എടവനക്കാട് വലിയവീട്ടില്‍ മുഹമ്മദ് ഷബീര്‍ (16), എടവനക്കാട് വലിയവീട്ടില്‍ മുഹമ്മദ് നിസ്വാന്‍ (15), ആലുവ കാക്കനാട് കുഴിയില്‍ കെ വി രാഹുല്‍ (15), ടവേര ഡ്രൈവര്‍ ചങ്ങരംകുളം സ്വദേശി സത്യന്‍ എന്നിവര്‍ തൃശൂരിലെ അമല ആശുപത്രിയില്‍ ചികില്‍സയിലാണ്.
തേഞ്ഞിപ്പലത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ വോളിബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു നാട്ടിലേക്കു മടങ്ങിവരുന്ന വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്.
Next Story

RELATED STORIES

Share it