thiruvananthapuram local

കാര്‍ ലോട്ടറിക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്

കഴക്കൂട്ടം: ലോട്ടറിക്കടയിലേക്ക് കാര്‍ പാഞ്ഞുകയറി വഴിയാത്രക്കാരികളായ രണ്ട് സ്ത്രീകളുള്‍പ്പടെ നാലുപേര്‍ക്ക് പരിക്ക്. കണിയാപുരം ആലുംമൂട് ജങ്ഷനിലെ ധനം ലക്കി സെന്ററിലേക്കാണ് ഇന്നലെ വൈകിട്ട് നാലരയോടെ ഇന്നവോ കാര്‍ ഇടിച്ച് കയറിയത്.
കടയ്ക്ക് മുന്നിലുണ്ടായിരുന്ന ലോട്ടറി വില്‍പ്പനക്കാരന്‍ കോരാണി സ്വദേശി ശശിധരന്‍ (60), അണ്ടൂര്‍ക്കോണം സ്വദേശി ആദര്‍ശ് (22), അതുവഴി നടന്നുപോയ രണ്ട് സ്ത്രീകള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന കാര്‍ റോഡ് വക്കില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒമനിവാന്‍, സൈക്കിള്‍, കടയോട് ചേര്‍ന്നുള്ള ഷെഫീക്കിന്റെ മതില്‍ എന്നിവയില്‍ ഇടിച്ച ശേഷം ലോട്ടറി കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
കടയ്ക്ക് തൊട്ടുമുകളില്‍ മുത്തൂറ്റ് ബാങ്ക് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടേക്ക് ആളുകള്‍ വന്നുപോകുന്ന സ്ഥലമാണ്. അപകട സമയത്ത് കൂടുതല്‍ ആളുകളില്ലാത്തതിനാല്‍ ദുരന്തം ഒഴിവായി. ഈ അപകടവും ഇതിനുശേഷം മാമത്ത് നടന്ന ബസ്സപകടവും കാരണം ദേശീയപാതയില്‍ കഴക്കൂട്ടം മുതല്‍ ആറ്റിങ്ങല്‍ വരെ മണിക്കുറോളം ഗതാഗത തടസ്സമുണ്ടായി. പരിക്കേറ്റവരുമായി വന്ന നിരവധി ആംബുലന്‍സുകളും ഫയര്‍ഫോഴ്‌സും കുരുക്കില്‍ അകപ്പെട്ടു.
Next Story

RELATED STORIES

Share it