kannur local

കാര്‍ യാത്രികരെ ആര്‍എസ്എസുകാര്‍ ആക്രമിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്

തലശ്ശേരി: കാര്‍ യാത്രികര്‍ക്കു നേരെ ആര്‍എസ്എസ് ആക്രമണം. കാര്‍ അടിച്ചു തകര്‍ക്കുകയും കാറിലുണ്ടായിരുന്ന യുവാക്കളെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ദേശീയപാതയില്‍ കൊടുവള്ളി വടക്കുമ്പാട് സഹകരണ ബാങ്കിനു സമീപം ഇന്നലെ രാവിലെ 10ഓടെയാണ് സംഭവം. മുഴപ്പിലങ്ങാട് ഉന്‍ഫത്ത് മഹലില്‍ അഫ്‌സര്‍(24), സുഹൃത്ത് കുളംബസാറിലെ റെയ്ഹാനസില്‍ എ കെ നവാസ്(32) എന്നിവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്.
ഇരുവരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇവര്‍ സഞ്ചരിച്ച കെഎല്‍58ബി8070 വാഗണര്‍ കാറിന്റെ മുഴുവന്‍ ചില്ലുകളും അക്രമി സംഘം അടിച്ചുതകര്‍ത്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു നടത്തുന്ന മാര്‍ച്ചില്‍ പങ്കെടുക്കാന്‍ കെഎല്‍58സി6900 നമ്പര്‍ ബസ്സില്‍ കണ്ണൂരിലേക്ക് പോവുകയായിരുന്ന ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണ് യുവാക്കളെ മര്‍ദ്ദിച്ചത്. ട്രാഫിക് തെറ്റിച്ചെത്തിയ ബസ്സില്‍ നിന്നു കൂട്ടിയിടിയൊഴിവാക്കാന്‍ ഇവര്‍ സഞ്ചരിച്ച കാര്‍ റോഡിന്റെ ഒരു ഭാഗം ചേര്‍ത്ത് നിര്‍ത്തിയിട്ടതായിരുന്നു. ഉടനെ ബസ്സിനെ പോവാനനുവദിച്ചില്ലെന്നാരോപിച്ച് സംഘപരിവാര പ്രവര്‍ത്തകര്‍ റോഡിലിറങ്ങി തെറിവിളിക്കുകയായിരുന്നു.
തെറ്റ് നിങ്ങളുടെ ഭാഗത്താണെന്ന് ചൂണ്ടിക്കാട്ടിയപ്പോഴാണു ആക്രമണം തുടങ്ങിയത്. ബസിലെ ലിവര്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി തങ്ങളെ ആക്രമിച്ചതായി പരിക്കേറ്റവര്‍ പറഞ്ഞു. സംഭവം സംബന്ധിച്ച് ധര്‍മടം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുവരില്‍ നിന്നു പോലിസ് മൊഴിരേഖപ്പെടുത്തി.
അക്രമത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും സംഭവ സ്ഥലത്ത് സ്ഥാപിച്ച സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റവര്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്. സംഭവം പ്രതിഷേധാര്‍ഹമാണെന്നും അക്രമികള്‍ക്കെതിരേ നടപടിയെടുക്കണമെന്നും പോപുലര്‍ ഫ്രണ്ട് എടക്കാട് ഡിവിഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it