കാര്‍ ബോംബാക്രമണം: കാബൂളില്‍ 28 മരണം

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ കാര്‍ ബോംബാക്രമണം. അഫ്ഗാനിസ്താന്‍ ദേശീയ സുരക്ഷാ ഏജന്‍സിയുടെ ഓഫിസിനു സമീപം നടന്ന സ്‌ഫോടനത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു. 300ലധികം പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. ആക്രമണ കാരണം വ്യക്തമല്ല. സര്‍ക്കാരിന് വലിയ നാശനഷ്ടമുണ്ടായതായി താലിബാന്‍ വക്താവ് സബീഹുല്ലാ മുഹമ്മദ് പറഞ്ഞു.
താലിബാന്‍ അടുത്തിടെ വസന്തകാല ആക്രമണം പ്രഖ്യാപിച്ചിരുന്നു. ഇതിനു ശേഷമുള്ള ആദ്യ കാബൂള്‍ ആക്രമണമാണ് ഇന്നലത്തേത്. നഗരത്തിലെ തിരക്കേറിയ മേഖലയിലാണ് ഇന്നലെ രാവിലെ ആക്രമണമുണ്ടായതെന്നതിനാല്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തില്‍ ഇനിയും വര്‍ധനവുണ്ടായേക്കാമെന്ന് പോലിസ് അറിയിച്ചു. അഫ്ഗാന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നിന്ന് ഏതാനും മീറ്ററുകള്‍ മാത്രം മാറിയാണ് ദേശീയ സുരക്ഷാ ഏജന്‍സി ഓഫിസ്.
ഏജന്‍സിയില്‍ പുതുതായി നിയമിതരായവരുടെ സ്ഥാനാരോഹണച്ചടങ്ങ് നടക്കുന്ന സമയത്ത് ബോംബുധാരികള്‍ കെട്ടിടത്തിനു സമീപത്തെത്തി സ്‌ഫോടനം നടത്തുകയായിരുന്നെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. സ്‌ഫോടനത്തിനു ശേഷം അക്രമികള്‍ ഏജന്‍സി ഓഫിസിനടുത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതായി പോലിസ് വക്താവ് ബാസിര്‍ മുജാഹിദ് പറഞ്ഞു. സ്‌ഫോടനസ്ഥലത്തെത്തിയ സുരക്ഷാസൈനികരും അക്രമികളും തമ്മില്‍ സംഘര്‍ഷം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.
ആക്രമണത്തെ ഏറ്റവും ശക്തമായി അപലപിക്കുന്നതായി അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി അറിയിച്ചു.
Next Story

RELATED STORIES

Share it