കാര്‍ഷിക മേഖലയ്ക്ക് മുന്തിയ പരിഗണന

തിരുവനന്തപുരം: സംസ്ഥാനത്ത് വിലയിടിവ് നേരിടുന്ന റബര്‍ അടക്കമുള്ള കാര്‍ഷിക വിളകള്‍ക്ക് ബജറ്റില്‍ പ്രത്യേക പരിഗണന. കൃഷിക്കും അനുബന്ധ മേഖലയ്ക്കുമായി 547.36 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. കേന്ദ്ര സഹായമായ 216.85 കോടി രൂപയും ചേര്‍ത്ത് 764.21 കോടി രൂപ ഈ സാമ്പത്തിക വര്‍ഷം കാര്‍ഷിക മേഖലയ്ക്ക് ലഭിക്കും. റബര്‍ മേഖലയ്ക്കാണ് ബജറ്റില്‍ ഏറ്റവും അധികം പ്രാധാന്യം നല്‍കിയിരിക്കുന്നത്. റബര്‍ വിലസ്ഥിരത ഉറപ്പാക്കാന്‍ 500 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. ചെറുകിട റബര്‍ കര്‍ഷകര്‍ക്ക് കിലോഗ്രാമിന് 150 രൂപ വില ഉറപ്പു വരുത്തും.
നെല്‍കൃഷി വികസനത്തിനായി ആകെ 35 കോടി രൂപ വകയിരുത്തി. സുസ്ഥിര നെല്‍കൃഷി വികസനത്തിന് 27 കോടിയും ഗ്രൂപ്പ് ഫാമിങ് പ്രവര്‍ത്തനത്തിനായി 4.5 കോടി രൂപയും ഉള്‍പ്പെടെയാണിത്.
ജൈവ പച്ചക്കറിക്കൃഷിയാണ് ബജറ്റില്‍ പരിഗണന ലഭിച്ചിരിക്കുന്ന മറ്റൊരു പ്രധാന പദ്ധതി. പഞ്ചായത്ത് തലത്തില്‍ നടത്തുന്ന സംയോജിത പച്ചക്കറി കൃഷിക്കായി 74.30 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. നാളികേര വികസന പദ്ധതിക്കായി 45 കോടി രൂപയും ഗുണമേന്‍മയുള്ള നടീല്‍ വസ്തുക്കളുടെ ഉല്‍പാദനത്തിനും വിതരണത്തിനുമായി 20 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
കാര്‍ഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യം വച്ച് ഗവേഷണ-പഠന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി കൂടുതല്‍ കാര്‍ഷിക കോളജുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്. അമ്പലവയല്‍, കുമരകം, ചിറ്റൂര്‍ എന്നിവിടങ്ങളിലാണ് പുതിയ കാര്‍ഷിക കോളജുകള്‍ വരുന്നത്. കാര്‍ഷിക സേവന കേന്ദ്രങ്ങളും സേവന വിതരണവും എന്ന പദ്ധതിക്കായി 31 കോടി രൂപയും മണ്ണിന്റെ ആരോഗ്യപാലനത്തിനും ഉല്‍പാദനക്ഷമത ഉയര്‍ത്തുന്നതിനും തയാറാക്കിയ പദ്ധതിക്കായി 26.26 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. വിള ആരോഗ്യപരിപാലനത്തിന് 16.90 രൂപയും ഹൈടെക് കൃഷിക്കായി 2.90 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. കാര്‍ഷിക മേഖലകളുടെ വിപണി വികസനത്തിനും കാര്‍ഷിക സേവന കേന്ദ്രത്തിനുമായി അഞ്ചു കോടി രൂപയുടെ പുതിയ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. നീര ഉല്‍പാദന സബ്‌സിഡിക്കായി അഞ്ചുകോടിയും പച്ചത്തേങ്ങ സംഭരണത്തിനായി 20 കോടി രൂപയും മാറ്റി വച്ചിട്ടുണ്ട്. ചെന്നിത്തല പഞ്ചായത്തില്‍ ആരംഭിക്കുന്ന അഗ്രി പോളിടെക്‌നിക്കിന് പ്രാരംഭ ഘട്ടത്തിനായി ഒരുകോടിയും ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന് അഞ്ചുകോടിയും വകയിരുത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it