Kottayam Local

കാര്‍ഷിക മേഖലയിലെ പുരോഗതി മുഖ്യലക്ഷ്യം: ജില്ലാ പഞ്ചായത്ത്

കോട്ടയം: കാര്‍ഷിക മേഖലയിലെ പുരോഗതിയാണ് ലക്ഷ്യമിടുന്നതെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പും വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യനും പറഞ്ഞു. കോട്ടയം പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ഇരുവരും.
ജില്ലയില്‍ സമ്പൂര്‍ണ ഭവന പദ്ധതി നടപ്പാക്കാനും ലക്ഷ്യമുണ്ട്. ഇതിനായി ഗ്രാമപ്പഞ്ചായത്ത്- ബ്ലോക്ക് പഞ്ചായത്തുകളുമായി ചേര്‍ന്നു ഭവന രഹിതരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട് വച്ചു നല്‍കുന്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്നും ജോഷി ഫിലിപ്പ് പറഞ്ഞു. പ്രാദേശിക വികസന പ്രശ്‌നങ്ങളില്‍ ജനങ്ങളുടെ ഇടപെടീല്‍ വര്‍ധിപ്പിക്കുന്നതിനു വിഭാവനം ചെയ്തിട്ടുള്ള വാര്‍ഡുതല ഗ്രാമകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തും. ത്രിതല പഞ്ചായത്തുകളുടെ വാര്‍ഡുതല എക്സ്റ്റന്‍ഷന്‍ സെന്ററുകളാക്കി ഗ്രാമകേന്ദ്രങ്ങളെ മാറ്റികൊണ്ടു ഗുണമേന്മയുള്ള സേവന പ്രദാന കേന്ദ്രങ്ങളാക്കി മാറ്റും. ഗ്രാമസഭകള്‍ സജീവമാക്കാന്‍ നടപടി സ്വീകരിക്കും.
ഗ്രാമകേന്ദ്രങ്ങളില്‍ കൂടി ജില്ലാ പഞ്ചായത്തിലെ പ്രവര്‍ത്തനം താഴേത്തട്ടിലേയ്ക്ക് എത്തിക്കും. ഈ കേന്ദ്രങ്ങള്‍ വഴി ഒട്ടേറെ പദ്ധതികള്‍ നേരിട്ടു ജനങ്ങളിലെത്തിക്കാനാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അയല്‍സഭകളെ ശാക്തീകരിച്ചു കൊണ്ടു മാലിന്യ സംസ്‌കരണം, വിഷരഹിത ജൈവകൃഷി, വരുമാന വര്‍ദ്ധനവിനുള്ള ചെറുകിട സംരംഭങ്ങള്‍, പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍, ആശ്രയ പദ്ധതിയുടെ സേവനങ്ങള്‍, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ഫാമിലി കൗണ്‍സിലിങ്, സാമൂഹിക സുരക്ഷാമിഷന്‍ പരിപാടികള്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ അയല്‍സഭകള്‍ മുഖേന നടപ്പാക്കും. മുന്‍ ഭരണസമിതി നടപ്പാക്കിയ ഗുരുകുലം പദ്ധതിയുമായി മുമ്പോട്ടു പോവുമെന്നു മേരി സെബാസ്റ്റ്യന്‍ വ്യക്തമാക്കി.
കൗമാരക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കും ദമ്പതികള്‍ക്കുമായി കൗണ്‍സിലിങ് സെന്ററുകള്‍ ആരംഭിക്കുന്നതു ആലോചനയിലുണ്ട്. കുടുംബപ്രശ്‌നങ്ങള്‍ ഏറ്റവും അധികമുള്ള ജില്ലയാണ് കോട്ടയം.
ഇതില്‍ നിന്നും ജില്ലയെ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സെന്ററുകള്‍ സ്ഥാപിക്കുക. കുടുംബ ബന്ധങ്ങള്‍ ശിഥിലമാക്കാതിരിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സെന്ററുകള്‍ വഴി നടപ്പാക്കുമെന്നും മേരി സെബാസ്റ്റ്യന്‍ പറഞ്ഞു.
തെരുവ് നായ്ക്കളുടെ വന്ധ്യംകരണത്തിനായുള്ള ശ്രമങ്ങള്‍ അവസാന ഘട്ടത്തിലാണ്. വന്ധ്യംകരണ കേന്ദ്രങ്ങള്‍ ഡിസംബര്‍ ഒന്നുമുതല്‍ ജില്ലയില്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
Next Story

RELATED STORIES

Share it