കാര്‍ഷികോല്‍പാദന വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കണം

ന്യൂഡല്‍ഹി: രണ്ടു വര്‍ഷത്തെ തുടര്‍ച്ചയായ വരള്‍ച്ച കാരണം ഉല്‍പാദനം കുറഞ്ഞതും മുഖ്യവിളകള്‍ കൃഷി ചെയ്യുന്നത് കുറഞ്ഞതും രാജ്യത്തു കൃഷി തളരാനിടയാക്കിയെന്ന് 2015-16ലെ സാമ്പത്തിക സര്‍വേ. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും കര്‍ഷകര്‍ക്കു സുസ്ഥിരമായ ഉപജീവനമാര്‍ഗം നേടിക്കൊടുക്കുന്നതിനും കാര്‍ഷികരംഗം പരിഷ്‌കരിക്കേ—ണ്ടതുണ്ട്.
ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുകയും ജലസേചനരംഗത്ത് സാങ്കേതിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കുകയും വേണം. നല്ല ഇനം വിത്തുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കണം. സങ്കര വിത്തിനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നതാണു മറ്റൊരു നിര്‍ദേശം. വളത്തിനു സബ്‌സിഡി നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ പരിഷ്‌കരിക്കുക. മണ്ണിലെ വളാംശത്തെക്കുറിച്ചു മനസ്സിലാക്കി വളം ചേര്‍ക്കുന്നതു ഫലപ്രദമാക്കണം. ഇന്ത്യയില്‍ പലയിടത്തും കൃഷിഭൂമിയിലെ മണ്ണില്‍ ബോറോണ്‍, സിങ്ക്, ചെമ്പ്, ഇരുമ്പ് തുടങ്ങിയ ഘടകങ്ങള്‍ കുറവാണ്. ജൈവവളം ഉപയോഗിക്കുന്നത് ഇത്തരം ഘടകങ്ങളുടെ കുറവ് പരിഹരിക്കുന്നതിനു സഹായകമാവും. ജൈവകീടനാശിനികള്‍ പ്രോല്‍സാഹിപ്പിക്കപ്പെട—ണമെന്നും സര്‍വേ നിര്‍ദേശിച്ചു.
സാമ്പത്തികമായി സക്രിയമായ ജനങ്ങളുടെ (15നും 59നും ഇടയില്‍ പ്രായമുള്ളവര്‍) അനുപാതം 57.7 ശതമാനത്തില്‍ നിന്നും 63.3 ആയി 1991നും 2013നും ഇടയില്‍ വര്‍ധിച്ചു. ലേബര്‍ ബ്യൂറോ 2014ല്‍ നടത്തിയ തൊഴില്‍- തൊഴില്‍രഹിത സര്‍വേ പ്രകാരം രാജ്യത്തെ തൊഴില്‍ പങ്കാളിത്ത നിരക്ക് (എല്‍എഫ്പിആര്‍) 52.5 ശതമാനമാണ്. ഗ്രാമീണ മേഖലകളാണ് തൊഴില്‍ പങ്കാളിത്തത്തില്‍ മുന്നിലുള്ളത്. സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം ഗ്രാമീണ മേഖലകളിലും നഗര മേഖലകളിലും പുരുഷന്മാര്‍ക്ക് പിന്നിലാണ്.
വിദ്യാഭ്യാസം, ആരോഗ്യം, ഭവന സൗകര്യങ്ങള്‍ എന്നിവ നേടുന്നതിലുള്ള അന്തരത്തെ പ്രതിഫലിപ്പിക്കുന്നതാണ് രാജ്യത്തെ സാമൂഹിക അടിസ്ഥാനസൗകര്യ സാഹചര്യമെന്ന് സാമ്പത്തിക സര്‍വേ വ്യക്തമാക്കുന്നു. വിദ്യാഭ്യാസത്തിനുള്ള അവസരങ്ങളും മെച്ചപ്പെട്ട ആരോഗ്യ സൗകര്യങ്ങളും സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അന്തരം പരിഹരിക്കുന്ന വിധത്തിലുള്ള സമഗ്ര വളര്‍ച്ചയാണ് രാജ്യത്തിനാവശ്യമെന്നും സര്‍വേ ചൂണ്ടിക്കാണിക്കുന്നു.
Next Story

RELATED STORIES

Share it