കാര്‍ഷികരംഗം ഗുരുതര സാഹചര്യം നേരിടുന്നുവെന്ന് മുഖ്യമന്ത്രി; കാര്‍ഷികവായ്പ പലിശരഹിതമാക്കും

തിരുവനന്തപുരം: ഹ്രസ്വകാല കാര്‍ഷികവായ്പകള്‍ യഥാസമയം തിരിച്ചടയ്ക്കുന്നവരെ പലിശയില്‍നിന്ന് ഒഴിവാക്കുന്നതിനുള്ള പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതുസംബന്ധിച്ച് കൃഷി-സഹകരണ-ധനവകുപ്പുകള്‍ പദ്ധതി തയ്യാറാക്കി നബാര്‍ഡിന് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
നബാര്‍ഡിന്റെ സ്റ്റേറ്റ് ക്രെഡിറ്റ് സെമിനാര്‍ 2016-17 ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സഹകരണ ബാങ്കുകളില്‍നിന്നു നാലുശതമാനം പലിശനിരക്കില്‍ നല്‍കുന്ന ഹ്രസ്വകാല വായ്പകള്‍ തുടരും. ദീര്‍ഘകാലവായ്പകളുടെ പലിശനിരക്ക് രണ്ടുശതമാനം കൂടി കുറയ്ക്കണമെന്ന ആവശ്യം ചര്‍ച്ചചെയ്ത് മാത്രമേ തീരുമാനിക്കാനാവൂ. നബാര്‍ഡ് നല്‍കുന്ന വായ്പകള്‍ക്ക് സര്‍ക്കാര്‍ ഗ്യാരന്റിയായി നല്‍കുന്ന 500 കോടി നല്‍കി. ബാക്കി 500 കോടിയുടെ ഗ്യാരന്റി കൂടി അനുവദിച്ച് ഉത്തരവിറക്കിയിട്ടുണ്ട്.
പല മേഖലകളിലും കാര്‍ഷികരംഗം അതീവ ഗുരുതര സാഹചര്യം നേരിടുകയാണ്. കര്‍ഷകന്റെ പല ആവശ്യങ്ങള്‍ക്കും പ്രതികൂലമായ സാഹചര്യമാണ് നിലവിലുള്ളത്. ഇതു മെച്ചപ്പെടുത്താനുള്ള ശ്രമം വിജയിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഹ്രസ്വകാല വായ്പകള്‍ പലിശരഹിതമാക്കാന്‍ നബാര്‍ഡ്, സഹകരണസംഘങ്ങള്‍, കേന്ദ്ര-സംസ്ഥാന സബ്‌സിഡി എന്നിവയുടെ നിരക്കുകള്‍ ക്രമീകരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാര്‍ഷികമേഖലയും കര്‍ഷകരുടെ ആത്മവിശ്വാസവും തകരരുത് എന്ന കാഴ്ചപ്പാടില്‍ ഊന്നിയുള്ള നയസമീപനമാണ് സംസ്ഥാനസര്‍ക്കാര്‍ സ്വീകരിക്കുന്നത്. റബര്‍ വിലയിടിവ് ചെറുക്കാന്‍ ഒരുകിലോഗ്രാമിന് 150 രൂപ ഉറപ്പാക്കുന്ന പദ്ധതിയില്‍ 53 രൂപ വരെ സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നുണ്ട്. ഇന്ത്യയില്‍ തന്നെ ഇത്തരമൊരു പദ്ധതി വേറെയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it