കാര്‍ഷികമേള കര്‍ഷകതിലക് അവാര്‍ഡ് പ്രഖ്യാപിച്ചു

തൊടുപുഴ: ഗാന്ധിജി സ്റ്റഡി സെന്ററിന്റെ സംസ്ഥാന കാര്‍ഷികമേളയോടനുബന്ധിച്ചുള്ള കര്‍ഷകതിലക് അവാര്‍ഡിന് തൃശൂര്‍ മതിലകം പുതിയകാവ് പുന്നക്കുഴി വീട്ടില്‍ ബീന-സഹദേവന്‍ ദമ്പതികള്‍ അര്‍ഹരായതായി സ്റ്റഡി സെന്റര്‍ ചെയര്‍മാന്‍ മന്ത്രി പി ജെ ജോസഫ് അറിയിച്ചു. രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും നാലിന് ന്യൂമാന്‍ കോളജില്‍ നടക്കുന്ന കാര്‍ഷികമേളയുടെ സമാപന സമ്മേളനത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം സമ്മാനിക്കും. 33 സെന്റ് കൃഷിയിടത്തില്‍നിന്നു 3,78,000 രൂപയുടെ അറ്റാദായം ഉണ്ടാക്കിയ ബീന ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് മാതൃകയാണ്. വിദേശത്തായിരുന്ന ഭര്‍ത്താവ് നാലു വര്‍ഷം മുമ്പ് അസുഖം ബാധിച്ച് നാട്ടിലേ—ക്കുവരുകയും ജോലികളൊന്നും ചെയ്യാന്‍ കഴിയാതെ വരുകയും ചെയ്തപ്പോഴാണ് ബീന കൃഷിയിലേക്കിറങ്ങിയത്.
പൂര്‍ണമായും ജൈവരീതിയില്‍ പച്ചക്കറികൃഷി ചെയ്യാനാരംഭിച്ച ബീന അതിന് സഹായകമായി മൃഗസംരക്ഷണവും ആരംഭിച്ചു. ചാണകം ബയോഗ്യാസ് പ്ലാന്റില്‍ നിക്ഷേപിച്ച് വീട്ടിലെ പാചകവാതക ഉപയോഗം കുറച്ചു. പച്ചക്കറികള്‍ക്ക് വളമായും തൊടിയിലെ കുളത്തിലുള്ള മീനുകള്‍ക്ക് തീറ്റയായും ബയോഗ്യാസ് സ്ലറി ഉപയോഗിക്കുന്നു. കുളത്തില്‍ ഫിഷറീസ് വകുപ്പില്‍നിന്നു ലഭിക്കുന്ന കട്‌ല, റോഹു, തിലോപ്പിയ ഇനങ്ങളില്‍പ്പെട്ട മീന്‍കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിന് പുല്ലും ഇലയും സ്ലറിയും മാത്രമാണ് ഉപയോഗിക്കുന്നത്. ഇങ്ങനെ 500 കിലോയിലധികം മീന്‍ വില്‍ക്കുന്നുണ്ട്. അയല്‍വാസിയുടെ സ്ഥലത്ത് ഒരു പോളിഹൗസ് സജ്ജമാക്കാനും സഹകരണസംഘങ്ങള്‍ക്കും കൃഷിവകുപ്പിനും പച്ചക്കറിതൈകള്‍ ഉല്‍പാദിപ്പിച്ച് നല്‍കി നല്ല വരുമാനമുണ്ടാക്കാനും കഴിയുന്നുണ്ട്.
കൃഷിയിടത്തില്‍നിന്നു വിത്തുകള്‍ ശേഖരിച്ച് വിപണനം നടത്തുന്നു. ഇവരുടെ കൃഷിയിടം ഫാം സ്‌കൂളായി കൃഷിവകുപ്പ് ഏറ്റെടുത്തു. തൃശൂര്‍ കൃഷിവിജ്ഞാന്‍ കേന്ദ്ര, തൃശൂര്‍ ആകാശവാണി തുടങ്ങിയവയില്‍ ബീന കുടുംബകൃഷി സംബന്ധിച്ച പ്രഭാഷണങ്ങള്‍ നടത്തുന്നുണ്ട്.
പച്ചക്കറികൃഷിയിലൂടെ 1,08,000 രൂപയും പാല്‍ വില്‍പനയിലൂടെ 50,000 രൂപയും മുട്ടവിപണനത്തിലൂടെ 50,000 രൂപയും ആട് കൃഷിയിലൂടെ 30,000 രൂപയും മീന്‍കൃഷിയിലൂടെ 75,000 രൂപയും പച്ചക്കറിതൈ വില്‍പന വഴി 25,000 രൂപയും പച്ചക്കറിവിത്ത്, ജൈവകീടനാശിനി എന്നിവയുടെ വിപണനം വഴി 10,000 രൂപയും സെമിനാറിലൂടെയും മറ്റു ക്ലാസുകളിലൂടെയും 30,000 രൂപയും ഉള്‍പ്പെടെ ആകെ 3,78,000 രൂപയാണ് വാര്‍ഷികവരുമാനം. ഐടിസിയില്‍ പഠിക്കുന്ന കാവ്യയും 10ാം ക്ലാസ് വിദ്യാര്‍ഥിനിയായ നവ്യയുമാണ് മക്കള്‍.
Next Story

RELATED STORIES

Share it