kannur local

കാര്‍ഷികമേഖലയ്ക്ക് ഉണര്‍വേകി കോട്ടയംചിറ നാടിന് സമര്‍പ്പിച്ചു

കൂത്തുപറമ്പ്: കോട്ടയംചിറ സംരക്ഷിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ച് ധനസഹായം നല്‍കുമെന്ന് മന്ത്രി കെ പി മോഹനന്‍. പതിറ്റാണ്ടുകളായി നാശോന്മുഖമായി കിടന്ന കോട്ടയംചിറയുടെ പുനരുദ്ധാരണ പ്രവൃത്തി സംസ്ഥാന സര്‍ക്കാരിന്റെ സഹസ്ര സരോവര്‍ പദ്ധതിയില്‍പ്പെടുത്തി പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും കാര്‍ഷികാവശ്യങ്ങള്‍ക്കു വെള്ളം ശേഖരിക്കുന്നതിനുമായി സംസ്ഥാന കൃഷി വകുപ്പ് നടപ്പാക്കിയ സഹസ്ര സരോവര്‍ പദ്ധതിയിലെ ആദ്യ പദ്ധതിയാണ് കോട്ടയംചിറ നവീകരണം. പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരണം പൂര്‍ത്തീകരിച്ച സംസ്ഥാനത്തെ ഏറ്റവും വലിയ ജലാശയമാണിത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെതായി 4.——82 കോടിയാണ് വിവിധ ഘട്ടങ്ങളില്‍ പ്രവൃത്തിക്കായി ചെലവഴിച്ചത്. കേന്ദ്ര പദ്ധതിയായ ആര്‍കെവിവൈ, നബാര്‍ഡ് എന്നിവക്ക് പുറമെ ഔഷധ സസ്യങ്ങളും തണല്‍ മരങ്ങളും വെച്ചുപിടിപ്പിക്കാന്‍ സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചറല്‍മിഷന്റെ സാമ്പത്തിക സഹായവും ഇതില്‍പ്പെടും. 10 ഏക്കറോളം വിസ്തൃതിയുള്ള ചിറയ്ക്ക് എംഎല്‍എ ഫണ്ടില്‍ നിന്ന് കവാടവും സൗരോര്‍ജ വിളക്കും സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 1000 ജലാശയങ്ങള്‍ സംരക്ഷിക്കാനുള്ള പദ്ധതിയില്‍ ആദ്യത്തേതാണ് കോട്ടയംചിറ. പഞ്ചായത്ത്, ക്ഷേത്ര ഭാരവാഹികള്‍ എന്നിവരടങ്ങിയ സമിതിക്കായിരിക്കും ചിറയുടെ സംരക്ഷണ ചുമതല.
നാടിന്റെ ഭദ്രതക്കാവശ്യമായ ഇവ സംരക്ഷിക്കപ്പെടണമെന്നും കാര്‍ഷിക മേഖല നശിക്കാന്‍ പ്രധാന കാരണം പ്രകൃതിയെ നശിപ്പിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അശോകന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ എം സുകുമാരന്‍, കേരള ലാന്റ് ഡവലപ്പ്‌മെന്റ് കോര്‍പറേഷന്‍ ചെയര്‍മാന്‍ ബെന്നി കക്കാട്, എം പി മുരളി, കെ ചന്ദ്രന്‍, അഡ്വ.—— എം കെ രഞ്ജിത്ത്, കോട്ടയം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി ഷബ്‌ന, ടി പി ശ്രീധരന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it