Science

കാര്‍ബണ്‍ വിസര്‍ജനം കാലാവസ്ഥയില്‍ വ്യതിയാനമുണ്ടാക്കുന്നു

മോസ്‌കോ: റഷ്യയിലെയും ഉക്രെയ്‌നിലെയും കല്‍ക്കരി ഖനികളില്‍ നിന്നു വന്‍തോതില്‍ പുറന്തള്ളപ്പെടുന്ന കാര്‍ബണ്‍ അന്തരീക്ഷത്തില്‍ തങ്ങിനിന്ന് കാലാവസ്ഥാ വ്യതിയാനത്തിനു വരെ കാരണമാവുന്നതായി റിപോര്‍ട്ട്. സ്‌റ്റോക്‌ഹോം ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ പഠനത്തിലാണ് ഇരുരാജ്യങ്ങളിലെയും കാലാവസ്ഥയില്‍ പുറന്തള്ളപ്പെടുന്ന കാര്‍ബണ്‍ മാരക അളവിലാണെന്നു കണ്ടെത്തിയിട്ടുള്ളത്. ഈ രാജ്യങ്ങളിലെ 60ഓളം കല്‍ക്കരി ഖനികളില്‍ നടത്തിയ പരിശോധനയില്‍ 73 ശതമാനത്തിലും കാര്‍ബണ്‍ അമിത അളവില്‍ പുറത്തേക്കു പുറന്തള്ളുന്നതു നിയന്ത്രിക്കാനുള്ള സംവിധാനങ്ങളില്ലെന്നു വ്യക്തമായി.


600 മില്യണ്‍ ടണ്‍ കാര്‍ബണാണ് ഈ കമ്പനികളില്‍ നിന്ന് അന്തരീക്ഷത്തിലേക്കു വ്യാപിച്ചത്. ഇവ കഴിഞ്ഞ 10 വര്‍ഷമായി കാലാവസ്ഥയിലുണ്ടാക്കിയ മാറ്റം വളരെ വലുതാണെന്നു പഠനത്തിനു നേതൃത്വം നല്‍കിയ വാല്‍ഡിസ്ലാവ് സെസെറിന്‍ ചൂണ്ടിക്കാട്ടി. ഈ വര്‍ഷങ്ങള്‍ക്കുള്ളില്‍ ചൂട് ഗണ്യമായി വര്‍ധിച്ചതായും പഠനത്തില്‍ വ്യക്തമായി.


ആദ്യകാലത്തു കല്‍ക്കരി ഖനികള്‍ മലിനീകരണ നിയന്ത്രണവിധേയമായിട്ടാണു പ്രവര്‍ത്തിച്ചിരുന്നതെങ്കിലും 2011-12 കാലയളവില്‍ കൂടുതല്‍ പദ്ധതികള്‍ക്കു ലൈസന്‍സ് നല്‍കിയതോടെയാണ് കമ്പനികള്‍ മലിനീകരണ നിയന്ത്രണത്തിന്റെ കാര്യത്തില്‍ വിമുഖത പുലര്‍ത്തിയത്.


എന്നാല്‍, പോളണ്ടിലും ജര്‍മനിയിലും ഇത്തരം കല്‍ക്കരി ഖനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കാര്‍ബണ്‍ മലിനീകരണം നിയന്ത്രിക്കുന്ന കാര്യത്തില്‍ അവര്‍ കര്‍ശന ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്നും പഠനത്തിനു നേതൃത്വം നല്‍കിയവര്‍ ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it