കാര്യപ്രാപ്തി കൈമുതലാക്കി മാത്യു ടി തോമസ്

പത്തനംതിട്ട: വിഎസ് സര്‍ക്കാരിന്റെ കാലത്ത് അപ്രതീക്ഷിതമായി മന്ത്രിസ്ഥാനം ലഭിച്ചയാളാണ് മാത്യു ടി തോമസ്. എന്നാല്‍, സംസ്ഥാനം കണ്ട ഏറ്റവും മികച്ച ഗതാഗത മന്ത്രിയെന്ന നിലയിലാണ് അദ്ദേഹം പിന്നീട് കര്‍മമണ്ഡലത്തില്‍ ശോഭിച്ചത്. ഇത്തവണ വീണ്ടും മന്ത്രിസഭയിലെത്തുമ്പോള്‍ സംസ്ഥാനം അദ്ദേഹത്തില്‍ നിന്നു പ്രതീക്ഷിക്കുന്നതും അതേ കാര്യപ്രാപ്തി തന്നെ.
ഇതു നാലാം തവണയാണ് നിയമസഭയിലെത്തുന്നത്. 2006ല്‍ എല്‍ഡിഎഫ് പത്തനംതിട്ട ജില്ലാ കണ്‍വീനറായിരിക്കെയാണ് മന്ത്രിയായത്. അന്ന് സഭയില്‍ അഞ്ച് എംഎല്‍എമാരുള്ള ജനതാദള്‍ എസില്‍ എം വി ശ്രേയാംസ്‌കുമാറും കെ പി മോഹനനും തമ്മില്‍ മന്ത്രിസ്ഥാനത്തിനായി തമ്മിലടിച്ചപ്പോള്‍ മാത്യു ടി തോമസിന് നറുക്കു വീണു. പിന്നീട് വീരേന്ദ്രകുമാറും കൂട്ടരും എല്‍ഡിഎഫ് വിട്ടപ്പോള്‍ മാത്യു ടി തോമസിന്റെ നേതൃത്വത്തിലുള്ളവര്‍ എല്‍ഡിഎഫില്‍ ഉറച്ചുനിന്നു. ഇത്തവണ തിരുവല്ലയില്‍ നിന്ന് കേരളാ കോണ്‍ഗ്രസ്സിലെ ജോസഫ് എം പുതുശ്ശേരിയെ 8262 വോട്ടുകള്‍ക്കാണു പരാജയപ്പെടുത്തിയത്.1987, 2006, 2011 വര്‍ഷങ്ങളിലാണ് മാത്യു ടി തോമസ് മുമ്പ് എംഎല്‍എ ആയത്.
1961 സപ്തംബര്‍ 27ന് തിരുവല്ലയില്‍ ജനനം. 77ല്‍ കേരള വിദ്യാര്‍ഥി ജനതയിലൂടെ രാഷ്ട്രീയപ്രവേശം. ഇപ്പോള്‍ ജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റാണ്. ഗണിതശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നിയമബിരുദവുമുള്ള മാത്യു ടി തോമസ് തിരുവല്ല കുറ്റപ്പുഴ തുമ്പുംപാട്ട് റവ. ടി തോമസിന്റെയും റിട്ട. അധ്യാപിക അന്നമ്മ തോമസിന്റെയും മകനാണ്.
ചേന്നങ്കരി വാഴക്കാട്ട് കുടുംബാംഗവും ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ അധ്യാപികയുമായ അച്ചാമ്മയാണ് ഭാര്യ. അച്ചു, അമ്മു എന്നിവര്‍ മക്കളാണ്.
Next Story

RELATED STORIES

Share it