kasaragod local

കാര്യങ്കോട് പുഴ നാശത്തിലേക്ക്

ചിറ്റാരിക്കാല്‍: മലയോര പഞ്ചായത്തുകളുടെ പ്രധാന ജലസ്രോതസായ കാര്യങ്കോട് പുഴ മലിനമാകുന്നു. പ്ലാസ്റ്റിക്ക് മാലിന്യം, മണലെടുപ്പ്, പുഴയോരത്തെ അനധികൃത കയ്യേറ്റം എന്നിവ പുഴയെ നാശത്തിലേക്ക് തള്ളിവിടുകയാണ്.പുഴയോരത്തെ മരം മുറിക്കലും വേനലിലെ അമിത ജല ചൂഷണവും പ്രതികൂലമായി ബാധിക്കുന്നു. വീടുകളില്‍ നിന്നുള്ള മാലിന്യം മാത്രമല്ല പുഴയോടു ചേര്‍ന്നുകിടക്കുന്ന ചെറുതും വലുതുമായ ടൗണുകളിലെ മാലിന്യത്തിനു പുറമെ അറവുശാലകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, കോഴിക്കടകള്‍ എന്നിവിടങ്ങളിലെ മാലിന്യവും പുഴയിലേക്കാണ് തള്ളുന്നത്.
പ്ലാസ്റ്റിക് മാലിന്യം ഉള്‍പ്പെടെ ഇപ്പോഴും പുഴയിലെ ചെടികളില്‍ കുടുങ്ങി കിടക്കുന്നുണ്ട്. ഇതിനെല്ലാം പുറമെ പുഴയിലെ ജലനിരപ്പ് താഴ്ന്നതോടെ വാഹനങ്ങള്‍ പുഴയിലറക്കി കഴുകുന്നതും, നഞ്ചുകലക്കിയും ഉഗ്രശേഷിയുള്ള തോട്ടപൊട്ടിച്ചുമുള്ള മീന്‍ പിടുത്തവും കാനംവയല്‍ മുതല്‍ കാക്കടവ് വരെയുള്ള പല ഭാഗങ്ങളിലും പുഴയില്‍ വാഹനമിറക്കി കഴുകുന്നതും പതിവ് കാഴ്ച്ചയാണ്.
നഞ്ചു കലക്കുമ്പോള്‍ അപൂര്‍വങ്ങളായ മല്‍സ്യസമ്പത്ത് നശിക്കുകയാണ്. ഇതു കൂടാതെ പുഴയോരത്തെ വന നശീകരണവും കാര്യങ്കോട് പുഴയുടെ നാശത്തിനു കാരണമാകുന്നു. പുഴയോരത്തെ അപൂര്‍വയിനം മരങ്ങളും ഈറ്റക്കാടുകളുമാണ് വെട്ടി നശിപ്പിക്കപ്പെട്ടത്. ഇവയില്‍ ഗുണമേന്മയുള്ളവ കടത്തിക്കൊണ്ടുപോവുകയും ബാക്കി തീയിട്ടു നശിപ്പിക്കുകയുമാണ് പതിവ്. പല പ്രദേശങ്ങളിലും രൂക്ഷമായ കരയിടിച്ചിലും പതിവായിട്ടുണ്ട്. കാര്യങ്കോട് പുഴ സംരക്ഷിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it