Kollam Local

കാരുണ്യ ലോട്ടറിയുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ ആറുലക്ഷം രൂപ വാങ്ങിയെന്ന് ആരോപണം; വിശദീകരണവുമായി മുകേഷ്

കൊല്ലം: കൊല്ലം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും ചലചിത്രതാരവുമായ മുകേഷിനെതിരേ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണം. ഗുരുതര രോഗം ബാധിച്ചവരെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ നടത്തുന്ന കാരുണ്യ ലോട്ടറിയുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ ആറു ലക്ഷം രൂപ വാങ്ങിയെന്നതാണ് പ്രചാരണം. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയുടെ പകര്‍പ്പ് സഹിതമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രചാരണം നടന്നുകൊണ്ടിരിക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, ഇന്നസെന്റ്, പ്രിയദര്‍ശന്‍, പൃഥ്വിരാജ്, എം ജി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറുമൂട്, കെ എസ് ചിത്ര, ദിലീപ്, അശോകന്‍, മേനക, ഭാഗ്യലക്ഷ്മി, ജയചന്ദ്രന്‍, കാവ്യാമാധവന്‍, കവിയൂര്‍ പൊന്നമ്മ, മധു, മനോജ് കെ ജയന്‍, മുകേഷ്, ധനമന്ത്രി കെ എം മാണി എന്നിവരാണ് കാരുണ്യയുടെ പരസ്യത്തില്‍ അഭിനയിച്ചത്. ഇതില്‍ മുകേഷിന് ആറു ലക്ഷം രൂപ നല്‍കിയിട്ടുണ്ടെന്നും മറ്റുതാരങ്ങള്‍ സൗജന്യമായാണ് അഭിനയിച്ചിട്ടുള്ളതെന്നും വിവരവാകാശ നിയമപ്രകാരമുള്ള മറുപടി സഹിതം ഫേസ്ബുക്കിലും വാട്ട്‌സ് അപ്പിലും പ്രചരിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ സംഭവം വൈറലായതോടെ വിശദീകരണവുമായി മുകേഷ് തന്നെ രംഗത്തെത്തി. പ്രതിഫലം ഒന്നും വാങ്ങാതെയാണ് ഞാന്‍ കാരുണ്യയുടെ പരസ്യത്തില്‍ അഭിനയിച്ചത്.കാരുണ്യ ലോട്ടറിയുടെ പരസ്യത്തില്‍ ആദ്യമായി അഭിനയിച്ചതും ഞാനായിരുന്നു. സന്ധ്യ രാജേന്ദ്രന്‍ ആയിരുന്നു കാരുണ്യ ലോട്ടറിയുടെ ആദ്യ ആറ് പരസ്യങ്ങള്‍ സംവിധാനം ചെയ്തത്. ആറു ലക്ഷത്തിനു ആറു പരസ്യങ്ങള്‍ ചെയ്യുവാന്‍ ആയിരുന്നു ലോട്ടറി ഡിപ്പാര്‍ട്ടുമെന്റുമായുള്ള കരാര്‍. ലോട്ടറി ഡിപ്പാര്‍ട്ടുമെന്റിന്റെ നിയമം അനുസരിച്ച് പരസ്യത്തില്‍ അഭിനയിക്കുന്ന ഒരാളുടെ പേരില്‍ മാത്രമേ പണം പിന്‍വലിക്കുവാന്‍ സാധിക്കുമായിരുന്നുള്ളൂ. ആദ്യ പരസ്യത്തില്‍ അഭിനയിച്ചത് താനായിരുന്നതുകൊണ്ട് അവര്‍ തന്റെ പേരില്‍ ആറു ലക്ഷം രൂപ പിന്‍വലിക്കുകയായിരുന്നു.ഇതിന്റെ വിശദീകരണം അന്നത്തെ ലോട്ടറി ഡിപ്പാര്‍ട്ടുമെന്റ് ഡയറക്ടര്‍ ആയിരുന്ന ബിജു പ്രഭാകര്‍ ലോകായുക്തയ്ക്ക് അന്നാളില്‍ തന്നെ നല്‍കുകയുണ്ടായി. സംശയമുള്ള ആര്‍ക്കുവേണമെങ്കിലും ആ രേഖകള്‍ വേണ്ടപ്പെട്ടവരുമായി ബന്ധപ്പെട്ടാല്‍ പരിശോധിക്കുവാന്‍ സാധിക്കും. ഇതായിരുന്നു ഫെസ്ബുക്കിലൂടെ തന്നെ മുകേഷ് നല്‍കിയ മറുപടി. ഇല്ലാത്ത അപവാദ പ്രചരണങ്ങള്‍ നല്‍കി തന്നേയും തന്റെ അനുഭാവികളെയും തളര്‍ത്താന്‍ ശ്രമിക്കുന്നതിനു പകരം, വികസനം കടലാസില്‍ മാത്രം കൊണ്ടു നടക്കുന്നവര്‍ അതൊക്കെ ഒന്ന് പ്രാവര്‍ത്തികം ആക്കിയാല്‍ ജനങ്ങള്‍ക്ക് ഉപകാരപ്പെട്ടേനെ..എന്ന് പറഞ്ഞുകൊണ്ടാണ് മുകേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
Next Story

RELATED STORIES

Share it