Districts

കാരുണ്യ ഫാര്‍മസിയിലെ ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകള്‍ വഴിയരികില്‍

കൊച്ചി: കാരുണ്യ ഫാര്‍മസിയില്‍ നിന്നുള്ള ലക്ഷക്കണക്കിനു രൂപയുടെ മരുന്നുകള്‍ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം പച്ചാളം വടുതല പാലത്തിനു സമീപം കൊച്ചി കോര്‍പറേഷന്‍ മാലിന്യശേഖരണ കേന്ദ്രത്തിനു സമീപത്തുനിന്നാണ് രണ്ട് ചാക്കുകളിലാക്കി മരുന്നുകള്‍ ഉപേക്ഷിച്ചനിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്.
കാലാവധി കഴിഞ്ഞതും കഴിയാത്തതുമായ വിവിധ കമ്പനികളുടെ വിവിധതരം മരുന്നുകളാണു ചാക്കുകളില്‍ ഉണ്ടായിരുന്നത്. 70 രൂപ മുതല്‍ 8000 രൂപവരെ വിലയുള്ള ഇഞ്ചക്ഷനുകളും ഇക്കൂട്ടത്തിലുണ്ട്.
സ്‌പെഷ്യല്‍ പ്രാക്റ്റീസ് നടത്തുന്ന ഡോക്ടര്‍മാര്‍ക്കു മാത്രം കുറിക്കാന്‍ അധികാരമുള്ള വിലകൂടിയ മരുന്നുകളും കണ്ടെത്തിയ മരുന്നുകളുടെ കൂട്ടത്തില്‍ ഉണ്ട്. എറണാകുളത്തെ കാരുണ്യ മെഡിസിന്‍ ഡിപ്പോയുടെയും തൃശൂരില്‍ നിന്ന് പാര്‍സല്‍ വന്നതിന്റെയും ബില്ലുകളും മരുന്നുകള്‍ക്കൊപ്പമുണ്ടായിരുന്നു. നാട്ടുകാര്‍ കോര്‍പറേഷന്‍ അധികൃതരെ വിവരമറിയിച്ചെങ്കിലും ഇലക്ഷന്‍ ഡ്യൂട്ടിയായതിനാല്‍ ഉത്തരവാദപ്പെട്ടവരാരും തിരിഞ്ഞുനോക്കിയില്ല. ഇതേത്തുടര്‍ന്ന് മരുന്നുകള്‍ ഒരു ചാക്കിലാക്കി വടുതലയിലെ കോര്‍പറേഷന്‍ ഓഫിസില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കാരുണ്യ ഫാര്‍മസിയില്‍ നിന്നു കാലാവധി കഴിഞ്ഞ മരുന്നുകള്‍ ഉപേക്ഷിക്കാറില്ലെന്നും കാലാവധി കഴിയുമ്പോള്‍ മരുന്നുകള്‍ അതതു കമ്പനികള്‍ക്കു തിരിച്ചേല്‍പ്പിക്കുകയാണു ചെയ്യുന്നതെന്നും കാരുണ്യ ഡിപ്പോയിലെ ഡിപ്പോ മാനേജര്‍ രൂപ്‌ന പറഞ്ഞു. കാലാവധി കഴിഞ്ഞ മരുന്നുകള്‍ കമ്പനികള്‍ തിരിച്ചെടുക്കുകയും പകരം മരുന്നോ പണമോ തിരിച്ചുനല്‍കുകയുമാണു പതിവ്.
എക്‌സ്പയറി ഡേറ്റിന് മൂന്നുമാസം മുമ്പ് മുതല്‍ ഇത്തരത്തില്‍ മരുന്നുകള്‍ തിരിച്ചയക്കാറുണ്ട്. പാര്‍സലായാണു കമ്പനികള്‍ക്കു മരുന്നുകള്‍ തിരിച്ചയക്കാറുള്ളതെന്നും ഡിപ്പോ മാനേജര്‍ പറഞ്ഞു. കാരുണ്യ ഫാര്‍മസി കേരള സ്റ്റേറ്റ് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായതിനാല്‍ ഇക്കാര്യത്തില്‍ കോര്‍പറേഷനാണ് അന്വേഷണം നടത്തേണ്ടതെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ എം കെ കുട്ടപ്പന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it