കാരുണ്യ ചികില്‍സാ സഹായം: യുഡിഎഫ് പ്രചരിപ്പിക്കുന്നത് കള്ളക്കണക്ക്; സര്‍ക്കാര്‍ നല്‍കിയത് 669 കോടി; പ്രചാരണം 1200 കോടി

കെ വി ഷാജി സമത

കോഴിക്കോട്: കാരുണ്യ ചികി ല്‍സാ ധനസഹായം സംബന്ധിച്ച് യുഡിഎഫ് പ്രചരിപ്പിക്കുന്നത് കള്ളക്കണക്കുകള്‍. 2011ല്‍ കാരുണ്യ ലോട്ടറി ആരംഭിച്ചതു മുതല്‍ 2015 ഡിസംബര്‍ വരെ 669 കോടി രൂപയാണ് കാരുണ്യ ബനവലന്റ് ഫണ്ട് വഴി ചികില്‍സാ ധനസഹായമായി വിതരണം ചെയ്തത്. എന്നാല്‍, 1200 കോടി രൂപ നല്‍കി എന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്. ഇന്നലെ അച്ചടി മാധ്യമങ്ങളില്‍ നല്‍കിയ, യുഡിഎഫ് സര്‍ക്കാരിനെയും മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിനെയും താരതമ്യം ചെയ്യുന്ന പരസ്യത്തിലാണ് കണക്കുകളില്‍ വൈരുധ്യമുള്ളത്. കാരുണ്യ ബനവലന്റ് ഫണ്ട് ഓഫിസില്‍ നിന്ന് വിവരാവകാശ നിയമം അനുസരിച്ച് ലഭിച്ച രേഖകള്‍ പ്രകാരം കാരുണ്യ ലോട്ടറി ആരംഭിച്ച 2011 മുതല്‍ 2015 ഡിസംബര്‍ 31 വരെ 669 കോടി രൂപ മാത്രമാണ് ചികില്‍സാ ധനസഹായമായി വിതരണം ചെയ്തിട്ടുള്ളത്.
യുഡിഎഫിന് കണക്കുകള്‍ എവിടെ നിന്നാണ് ലഭിച്ചത് എന്ന് തങ്ങള്‍ക്കറിയില്ല എന്നാണ് ഇതു സംബന്ധിച്ച് അന്വേഷിച്ചപ്പോള്‍ തിരുവനന്തപുരത്തെ കാരുണ്യ ബനവലന്റ് ഫണ്ട് ഓഫിസില്‍ നിന്നു ലഭിച്ച മറുപടി. 1200 കോടി രൂപയുടെ കണക്ക് ആര്‍ക്കും നല്‍കിയിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
തുക പെരുപ്പിച്ചുകാട്ടി പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് യുഡിഎഫ് ചെയ്തത് എന്ന് വിവരാവകാശ രേഖകളില്‍ നിന്നു വ്യക്തമാണ്. തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണിതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
2011 ആഗസ്ത് 24നാണ് കാരുണ്യ ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പു നടന്നത്. 2012 മുതലാണ് ബനവലന്റ് ഫണ്ട് വഴി ചികില്‍സാ ധനസഹായം അനുവദിച്ചു തുടങ്ങിയത്.
അന്നുമുതല്‍ 2016 ജനുവരി 31 വരെ 1,27,486 പേരാണ് ചികില്‍സാ ധനസഹായത്തിന് അപേക്ഷിച്ചത്. ഇവരില്‍ 1,25,723 പേര്‍ക്ക് ധനസഹായം അനുവദിച്ചതായും രേഖകള്‍ പറയുന്നു. എന്നാല്‍, യുഡിഎഫ് പരസ്യപ്പെടുത്തിയ കണക്കില്‍ 1.42 ലക്ഷം പേര്‍ക്ക് സഹായധനം അനുവദിച്ചതായി അവകാശപ്പെടുന്നു. പദ്ധതി തുടങ്ങി 2016 ജനുവരി 31 വരെ അപേക്ഷിച്ച 55,625 പേര്‍ക്ക് ഇനിയും ധനസഹായം വിതരണം ചെയ്തിട്ടില്ല.
ധനസഹായം അനുവദിച്ച പതിനായിരക്കണക്കിന് രോഗികള്‍ക്ക് ഇനിയും തുക വിതരണം ചെയ്തിട്ടുമില്ല. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം സ്വദേശിനിയായ ചിന്നമ്മു എന്ന അര്‍ബുദ രോഗിക്ക് 2013 ജൂണ്‍ ഒന്നിന് 1,20,000 രൂപ അനുവദിച്ചിരുന്നെങ്കിലും ഇതുവരെ തുക ലഭിച്ചിട്ടില്ല. പലിശയ്ക്ക് പണം കടമെടുത്ത് ചികില്‍സ നടത്തിയ ഇവര്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി വിവിധ ഓഫിസുകള്‍ കയറിയിറങ്ങിയിട്ടും തുക ലഭിച്ചിട്ടില്ല. പതിനായിരക്കണക്കിനു രോഗികള്‍ക്ക് തുക വിതരണം ചെയ്തിട്ടില്ലെന്ന് വിവരാവകാശ രേഖ അടിവരയിടുമ്പോഴും ഇവര്‍ക്കെല്ലാം തുക അനുവദിച്ചു എന്ന രീതിയിലാണ് യുഡിഎഫ് പ്രചാരണം നടത്തുന്നത്.
കാരുണ്യ പദ്ധതിയില്‍ ചികില്‍സാ ധനസഹായം വിതരണം ചെയ്യുന്നതിനായി 18.11.2015ന് അനുവദിച്ച 30 കോടി രൂപ ഉള്‍പ്പെടെ 2015 ഡിസംബര്‍ 31 വരെ 635 കോടി രൂപ നീക്കിയിരിപ്പുണ്ട്. എന്നിട്ടും ധനസഹായം അനുവദിക്കപ്പെട്ട സാധാരണക്കാരായ പതിനായിരക്കണക്കിനു രോഗികള്‍ ആനുകൂല്യത്തിനായി ഓഫിസുകള്‍ കയറിയിറങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ അവസ്ഥയിലാണ് ഇവര്‍ക്കു കൂടി ധനസഹായം ലഭിച്ചതായി കള്ളക്കണക്കുകള്‍ പ്രചരിപ്പിക്കുന്നത്.
ധനമന്ത്രി ചെയര്‍മാനായ സംസ്ഥാനതല കമ്മിറ്റിയാണ് ആനുകൂല്യത്തിന് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നത്. സമിതി തയ്യാറാക്കിയ ലിസ്റ്റില്‍ നിന്ന് സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ആയിരക്കണക്കിനു രോഗികളെ ഒഴിവാക്കിയതായി വ്യാപകമായ പരാതി നിലനില്‍ക്കെയാണ് ഊതിപ്പെരുപ്പിച്ച കള്ളക്കണക്കുകളുമായി യുഡിഎഫ് പ്രചാരണത്തിന് ഇറങ്ങിയത്.
Next Story

RELATED STORIES

Share it