wayanad local

കാരുണ്യം വിവാഹസംഗമം നിറം പകര്‍ന്നത് നിര്‍ധന യുവതികളുടെ മാംഗല്യസ്വപ്‌നത്തിന്

കണിയാമ്പറ്റ: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ കാരുണ്യം റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അഞ്ചാമത് വിവാഹസംഗമം നടത്തി. മില്ലുമുക്കില്‍ തയ്യാറാക്കിയ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നഗറില്‍ നടന്ന നിക്കാഹ് കര്‍മത്തിന് പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍, പാണക്കാട് ശഹീറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി.
താലികെട്ട് ചടങ്ങില്‍ ഈശ്വരന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. 17 പെണ്‍കുട്ടികളുടെ നിക്കാഹും രണ്ടു പെണ്‍കുട്ടികളുടെ താലികെട്ടുമാണ് നടന്നത്. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് കുട്ടി ഹസനി ഉദ്‌ബോധന പ്രസംഗം നടത്തി. എം വി ശ്രേയാംസ് കുമാര്‍ എംഎല്‍എ, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി പി എ കരീം, ജനറല്‍ സെക്രട്ടറി കെ കെ അഹമ്മദ് ഹാജി, റസാഖ് കല്‍പ്പറ്റ, പി ഇസ്മായില്‍, എം കെ മൊയ്തു ഹാജി, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, അബാസ് പുന്നോളി, എം പി ഉസ്മാന്‍ സംസാരിച്ചു. അബ്ദുറഹ്മാന്‍ ഫൈസി തോല്‍പ്പെട്ടി നിക്കാഹ് ഖുതുബ നടത്തി. താലികെട്ട് ചടങ്ങില്‍ മന്ത്രി പി കെ ജയലക്ഷ്മി, എം ഐ ഷാനവാസ് എംപി, ജയന്തി രാജന്‍, റഷീന അബ്ദുല്‍ ഖാദര്‍, കെ കുഞ്ഞായിഷ സംസാരിച്ചു. നെല്ലോളി കുഞ്ഞമ്മത് അധ്യക്ഷത വഹിച്ചു. സ്ത്രീധനമെന്ന വിപത്തിനെതിരേ സമൂഹത്തെ ബോധവല്‍ക്കരിക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ വിവാഹസംഗമത്തില്‍ ഇതുവരെ 98 യുവതികളാണ് വിവാഹിതരായത്.
മില്ലുമുക്കിലെയും പരിസരപ്രദേശത്തെയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പെണ്‍കുട്ടികള്‍ക്കാണ് യോഗ്യനായ വരനെ കണ്ടെത്തി വിവാഹത്തിന് സഹായം നല്‍കുന്നത്. സംഗമത്തില്‍ വധുവിന് അഞ്ചു പവന്‍ സ്വര്‍ണാഭരണവും വിവാഹവസ്ത്രവും വരന് ഒരു പവന്‍ സ്വര്‍ണാഭരണവും വിവാഹവസ്ത്രവും സമ്മാനമായി നല്‍കി.
Next Story

RELATED STORIES

Share it