കാരായി രാജന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു

കണ്ണൂര്‍: ഫസല്‍ വധ ഗൂഢാലോചനക്കേസ് പ്രതിയായ സിപിഎം നേതാവ് കാരായി രാജന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. സിബിഐ അറസ്റ്റ് ചെയ്ത ശേഷം എറണാകുളം ജില്ല വിട്ടുപോവരുതെന്ന ജാമ്യവ്യവസ്ഥയില്‍ ഹൈക്കോടതി ഇളവ് അനുവദിക്കാത്തതിനെ തുടര്‍ന്നാണു നടപടി. രാജിക്കത്ത് പാര്‍ട്ടി ജില്ലാ കമ്മിറ്റിക്ക് കൈമാറി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് രാജിതീരുമാനം.
അതേസമയം, കേസിലെ മറ്റൊരു പ്രതിയും തലശ്ശേരി നഗരസഭാ ചെയര്‍മാനുമായ കാരായി ചന്ദ്രശേഖരന്‍ തല്‍സ്ഥാനത്ത് തല്‍ക്കാലം തുടരും. തലശ്ശേരി ഏരിയാ കമ്മിറ്റി യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. അടുത്ത ദിവസം തന്നെ ഇദ്ദേഹവും സ്ഥാനമൊഴിയുമെന്നാണ് സൂചന. ഇരുവരും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നത് തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഇടയാക്കുമെന്ന സിബിഐ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവു നല്‍കാതിരുന്നത്. തുടര്‍ന്ന് എസ്ഡിപിഐ, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ രാജിയാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
ജില്ലാ പഞ്ചായത്തില്‍ ഭരണപ്രതിസന്ധി പരിഹരിക്കാന്‍ രാജി വേണമെന്ന് സിപിഎമ്മിലും ആവശ്യമുയര്‍ന്നതോടെയാണ് രാജന്‍ സ്ഥാനമൊഴിഞ്ഞത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ ശേഷം മൂന്നുതവണ മാത്രമാണ് കാരായി രാജന് കണ്ണൂരിലെത്താനായത്. വൈസ് പ്രസിഡന്റ് പി പി ദിവ്യയാണ് പകരം ചുമതല വഹിക്കുന്നത്.
ഫസല്‍ വധക്കേസിലെ ഏഴാംപ്രതിയും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കാരായി രാജന്‍ ജില്ലാ പഞ്ചായത്ത് പാട്യം ഡിവിഷനില്‍നിന്നും എട്ടാംപ്രതിയും തലശ്ശേരി ഏരിയാ കമ്മിറ്റി അംഗവുമായ കാരായി ചന്ദ്രശേഖരന്‍ തലശ്ശേരി നഗരസഭയിലെ ചെള്ളക്കര വാര്‍ഡില്‍നിന്നുമാണ് വിജയിച്ചത്. കെ വി സുമേഷിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാക്കിയേക്കുമെന്നാണു സൂചന. ജില്ലാ പഞ്ചായത്തിന്റെ ദൈനംദിന പ്രവര്‍ത്തനം കാര്യക്ഷമമായി മുന്നോട്ടുപോവാന്‍ വേണ്ടി സൗകര്യമൊരുക്കാനാണ് രാജിയെന്നു സിപിഎം അറിയിച്ചു.
Next Story

RELATED STORIES

Share it