Districts

കാരായി രാജനെയും ചന്ദ്രശേഖരനെയും തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കാന്‍ നീക്കം

കണ്ണൂര്‍: മുഹമ്മദ് ഫസല്‍ വധക്കേസിലെ പ്രതികളായ കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കാന്‍ സി.പി.എം. നീക്കം. എന്നാല്‍, ഇതിനെതിരേ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പു ശക്തമാണ്. ഫസല്‍ വധക്കേസ് ഏഴാംപ്രതി കാരായി രാജനെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കാനും എട്ടാംപ്രതി ചന്ദ്രശേഖരനെ തലശ്ശേരി നഗരസഭയിലേക്കു മല്‍സരിപ്പിക്കാനുമാണ് നീക്കം നടക്കുന്നത്.

നേരത്തെ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന രാജന്‍ നിലവില്‍ എറണാകുളം ജില്ലാ കമ്മിറ്റിയംഗവും തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറിയായിരുന്ന ചന്ദ്രശേഖരന്‍ തലശ്ശേരി ഏരിയാ കമ്മിറ്റി അംഗവുമാണ്. ഫസല്‍ കൊലക്കേസില്‍ ഗൂഢാലോചന നടത്തിയത് കാരായിമാരാണെന്ന് സി.ബി.ഐ. കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയുണ്ടായി. കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ സെക്രട്ടറി പി ജയരാജനാണു ജില്ലാ സെക്രട്ടേറിയറ്റിന്റെ നിര്‍ദേശമെന്ന നിലയില്‍ കാരായി രാജന്റെ സ്ഥാനാര്‍ഥിത്വം മുന്നോട്ടുവച്ചത്.

പാര്‍ട്ടിയുടെ ഉറച്ച കോട്ടയായ പാട്യം ഡിവിഷനില്‍ മല്‍സരിപ്പിക്കണമെന്നും അഭിപ്രായമുയര്‍ന്നു. ഫസല്‍ വധക്കേസില്‍ പാര്‍ട്ടിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്നു തെളിയിക്കാന്‍ രാജന്റെയും ചന്ദ്രശേഖരന്റെയും തിരഞ്ഞെടുപ്പ് വിജയം സാധിക്കുമെന്നായിരുന്നു ഒരുപക്ഷത്തിന്റെ വാദം. എന്നാല്‍, മറുപക്ഷം ഇതിനോടു ശക്തമായ വിയോജിപ്പാണു പ്രകടിപ്പിച്ചത്.

കേസില്‍ പ്രതിയായി വിചാരണ നേരിടുന്നയാളെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി അവതരിപ്പിക്കുന്നത് പൊതുജനമധ്യത്തില്‍ പാര്‍ട്ടിയുടെ വിലയിടിക്കുമെന്നു കുറ്റപ്പെടുത്തിയ ഇവര്‍, മയ്യില്‍ ഏരിയാ സെക്രട്ടറി ടി കെ ഗോവിന്ദനെ ജില്ലാ പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ടു. അഭിപ്രായഭിന്നത രൂക്ഷമായതോടെ രാജന്റെ കാര്യം സംസ്ഥാന നേതൃത്വത്തിനു വിട്ടു. തല്‍ക്കാലം ടി കെ ഗോവിന്ദന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനും ധാരണയായി. അതേസമയം, തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ രാജനും ചന്ദ്രശേഖരനും ഹൈക്കോടതി അനുമതി തേടിയിട്ടുണ്ട്.
Next Story

RELATED STORIES

Share it