kannur local

കാരായി മാര്‍ക്ക് ജാമ്യം നല്‍കുന്നതിനെതിരേ സിബിഐ സത്യവാങ്മൂലം; ഫസല്‍വധക്കേസ്: സിപിഎം കുതന്ത്രത്തിന് വീണ്ടും തിരിച്ചടി

കണ്ണൂര്‍: എന്‍ഡിഎഫ് പ്രവര്‍ത്തകനും തേജസ് പത്രത്തിന്റെ വിതരണക്കാരനുമായ ഫസലിനെ ചെറിയപെരുന്നാള്‍ തലേന്ന് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎം തുടര്‍ന്നു വരുന്ന രാഷ്ട്രീയകുതന്ത്രത്തിന് വീണ്ടും തിരിച്ചടി. കേസില്‍ ഏഴും എട്ടും പ്രതികളായ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിച്ച് വിജയിപ്പിച്ച് ജില്ലയിലെത്തിക്കാമെന്ന സിപിഎമ്മിന്റെ കുതന്ത്രത്തിനാണ് കഴിഞ്ഞ ദിവസം സിബിഐ, കോടതിയില്‍ തടയിട്ടത്.

ഇവര്‍ക്ക് ജാമ്യം നല്‍കുന്നത് സാക്ഷികളെ ഭീഷണിപ്പെടുത്താന്‍ ഇടയാക്കുമെന്നും വിചാരണ തുടങ്ങാനിരിക്കുന്ന വേളയില്‍ ജാമ്യം നല്‍കുന്നത് കേസിനെ ബാധിക്കുമെന്നും സിബിഐ കോടതിയില്‍ വ്യക്തമാക്കുകയായിരുന്നു. കാരായിമാരെ മല്‍സരിപ്പിച്ചത് ജനാധിപത്യത്തിലെ ക്രിമിനല്‍വല്‍ക്കരണമാണ് കാണിക്കുന്നതെന്ന ഗുരുതരമായ ആരോപണവും സിബിഐ ഉന്നയിച്ചു. ജാമ്യവ്യവസ്ഥയില്‍ ഇളവ് നേടാനാണ് ഇരുവരും തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചതെന്നും സിബിഐ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ഫസലിനെ കൊലചെയ്ത സംഭവത്തില്‍ ഗുഢാലോചനമാത്രമല്ല, നേരിട്ട് കണ്ണികളാണ് ഇരുവരുമെന്നും കോടതിയെ സിബിഐ ബോധിപ്പിച്ചു. കാരായി രാജനും ചന്ദ്രശേഖരനും സിബിഐ കോടതി നല്‍കിയ ജാമ്യവ്യവസ്ഥപ്രകാരം കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ കഴിയില്ല.

രണ്ടുവര്‍ഷത്തോളമായി കരായി രാജനും ചന്ദശേഖരനും എറണാകുളത്ത് തന്നെയാണ് താമസം. പാര്‍ട്ടി സമ്മേളനങ്ങളില്‍ കൊലക്കേസ് പ്രതികളായ ഇരുവര്‍ക്കും സിപിഎം സ്ഥാനമാനങ്ങള്‍ നല്‍കി തൃപ്തിപ്പെടുത്തിയിരുന്നു. എന്നാല്‍, ജാമ്യവ്യവസ്ഥയിലെ കര്‍ശന ഉപാധികള്‍ ഇരുവര്‍ക്കും തുടര്‍ന്നും കണ്ണൂരില്‍ വരുന്നതിന് വിലങ്ങ് തടിയായി. ഇതോടെയാണ് ഇവരെ ജില്ലയിലേക്ക് കൊണ്ടുവരുന്നതിന് സിപിഎം തിരഞ്ഞെടുപ്പിനെ മറയാക്കി തന്ത്രമൊരുക്കിയത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കാരായി രാജനെ ജില്ലാപഞ്ചായത്തിലേക്ക് പാട്യം ഡിവിഷനില്‍ നിന്നും കാരായി ചന്ദ്രശേഖരനെ തലശ്ശേരി നഗരസഭയിലേക്ക് ചെള്ളക്കര വാര്‍ഡില്‍ നിന്നുമാണ് മല്‍സരിപ്പിച്ചത്. പാര്‍ട്ടി ശക്തികേന്ദ്രത്തില്‍ നിന്ന് രണ്ടുപേരും വിജയിക്കുകയും ചെയ്തു. തുടര്‍ന്ന് പാര്‍ട്ടി കാരായി രാജനെ ജില്ലാപഞ്ചായത്ത് പ്രസിഡന്റായും ചന്ദ്രശേഖരനെ നഗരസഭാ ചെയര്‍പേഴ്‌സനായും നിയമിച്ചു. ഇതുവഴിയെങ്കിലും ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ച് രണ്ടുപേര്‍ക്കും സ്വന്തംതട്ടകത്തില്‍ പാര്‍ട്ടിപ്രവര്‍ത്തനം നടത്താന്‍ കഴിയുമെന്നായിരുന്നു നേതാക്കളുടെ കണക്കുകൂട്ടല്‍.
Next Story

RELATED STORIES

Share it