wayanad local

കാരാപ്പുഴ കുടിവെള്ള പദ്ധതി പാതിവഴിയില്‍

കല്‍പ്പറ്റ: നഗരത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാവുന്നു. കുടിവെള്ളം കിട്ടാതെ നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും താമസക്കാര്‍ നെട്ടോട്ടമോടുകയാണ്. അതേസമയം, കുടിവെള്ള പൈപ്പുകള്‍ പൊട്ടി വെള്ളം പാഴാവുന്നുമുണ്ട്. 55 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച കാരപ്പുഴ കുടിവെള്ള പദ്ധതി പാതിവഴിയിലായിരിക്കുകയാണ്. നടത്തിപ്പിലെ അനാസ്ഥയെ തുടര്‍ന്ന് പദ്ധതി ഉപകാരപ്പെടുന്നുമില്ല.
കല്‍പ്പറ്റ ടൗണിലൂടെ പൈപ്പുകള്‍ സ്ഥാപിക്കാതെ ബൈപാസ് വഴി പൈപ്പ് സ്ഥാപിച്ചതുള്‍പ്പെടെയുള്ള അശാസ്ത്രീയ പ്രവൃത്തികള്‍ കാരണമാണ് പദ്ധതി ജനോപകാരപ്രദമല്ലാതാവാന്‍ കാരണമെന്നാണ് ആക്ഷേപം. തിരുഹൃദയനഗര്‍, പെന്‍ഷന്‍ ഭവന്‍, മൈലാടിപ്പാറ, കൈനാട്ടി, ഐടിഐ, എമിലി, വെയര്‍ഹൌസ്, പുത്തൂര്‍വയല്‍, ചേനമല, ഓണിവയല്‍ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം മാസങ്ങളായി കുടിവെള്ളം ലഭിക്കുന്നില്ല.
കാരാപ്പുഴ പദ്ധതി ഉദ്ഘാടനം കൊട്ടിഘോഷിച്ച് നടത്തിയതല്ലാതെ കുടിവെള്ളം ലഭിച്ചില്ല. അതുവരെ ലഭിച്ചുവന്ന കുടിവെള്ളവിതരണവും പുതിയ പദ്ധതിയിലൂടെ മുടങ്ങി. ഇരുമ്പുപാലം പുഴ, നാലുകെട്ടും ചോല എന്നിവിടങ്ങളില്‍ നിന്നു വിതരണം ചെയ്തുവന്നിരുന്ന കുടിവെള്ളം പോലും ഇല്ലാതാക്കിയാണ് നഗരസഭ കാരപ്പുഴ കുടിവെള്ള പദ്ധതി നടപ്പാക്കുമെന്നു പ്രഖ്യാപിച്ചത്.
കുടിവെള്ള വിതരണ സംവിധാനം പൂര്‍ണമായും സജ്ജമാക്കാതെ നഗരസഭയുടെ സമ്മര്‍ദ്ദത്തിന്റെ ഭാഗമായി വാട്ടര്‍ അതോറിറ്റി യാതൊരു നിയന്ത്രണവുമില്ലാതെ വെള്ളം വിതരണം ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പൈപ്പ് പൊട്ടുന്നതും വ്യാപകമായി.
അശാസ്ത്രീയമായ രീതിയില്‍ പൈപ്പ് സ്ഥാപിക്കുകയും പൈപ്പിന്റെ ഗുണനിലവാരം കൃത്യമായി പരിശോധിക്കുകയും ഉണ്ടായില്ല.
കാരാപ്പുഴ പദ്ധതിക്കായുള്ള പൈപ്പിടലില്‍ നിലവിലുള്ള കുടിവെള്ള വിതരണ ശൃംഖല പാടെ തകര്‍ന്നിട്ടും ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ യാതൊരു നടപടിക്കും നഗരസഭ മുന്‍കൈയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. വേനല്‍ കനക്കുന്നതോടെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാവും.
Next Story

RELATED STORIES

Share it