kozhikode local

കാരശ്ശേരിയില്‍ കിണറ്റില്‍ വിഷം കലക്കി: ഒഴിവായത് വന്‍ ദുരന്തം

മുക്കം: നൂറുകണക്കിന് കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ കാരമൂല ആറാം ബ്ലോക്കിലെ കിണറില്‍ സാമൂഹിക വിരുദ്ധര്‍ വിഷം കലര്‍ത്തിയതായി പരാതി. രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന പഞ്ചായത്തില്‍ ഒന്നര മാസത്തോളമായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടിവെള്ള വിതരണം ആരംഭിച്ചിട്ട്.
കാരമൂല ആറാം ബ്ലോക്ക്, ചോണാട് എന്നിവിടങ്ങളിലെ കിണറുകളില്‍ നിന്നായി എട്ട് വാഹനങ്ങളിലായായിരുന്നു കുടിവെള്ള വിതരണം. കഴിഞ്ഞ ദിവസം ആറാം ബ്ലോക്കില്‍ നിന്ന് വിതരണത്തിനായി ശേഖരിച്ച വെള്ളം നിറവ്യത്യാസവും രൂക്ഷമായ ഗന്ധവും അനുഭവപ്പെട്ടതിനെതുടര്‍ന്ന് വിതരണക്കാരന്‍ പരിശോധിച്ചപ്പോഴാണ് രാസവസ്തു വെള്ളത്തില്‍ കലര്‍ന്നതായി സംശയം തോന്നിയത്. ഇതോടെ വിതരണം നിര്‍ത്തിവയ്ക്കുകയായിരുന്നു. വിഷം കലര്‍ന്നത് അറിയാതെ കുടിവെള്ളം വിതരണം ചെയ്തിരുന്നു വെങ്കില്‍ വന്‍ ദുരന്തത്തിന് കാരണമായേനെ. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ കിണറില്‍ നിന്ന് അദ്ദേഹത്തിന്റെ അനുമതിയോടെയാണ് പഞ്ചായത്ത് കുടിവെള്ളം വിതരണം ചെയ്തിരുന്നത്. കിണറില്‍ വിഷം കലര്‍ന്നതോടെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ള വിതരണവും നിലച്ചിട്ടുണ്ട്. നേരത്തെ ആറാം ബ്ലോക്കില്‍ വെള്ളം പമ്പ് ചെയ്യാനുപയോഗിച്ചിരുന്ന ജനറേറ്റര്‍, പമ്പ് സെറ്റ് എന്നിവയും നശിപ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it