Kottayam Local

കായികരംഗത്ത് മികവ് തെളിയിച്ച വനിതാ സ്‌പോര്‍ട്‌സ് അക്കാദമി സാമ്പത്തിക പ്രതിസന്ധിയില്‍

തലയോലപ്പറമ്പ്: വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച വെള്ളൂര്‍ ഗ്രാമപ്പഞ്ചായത്തിലെ വനിതാ സ്‌പോര്‍ട്‌സ് അക്കാദമി സാമ്പത്തിക പ്രതിസന്ധിയില്‍. ആരംഭത്തില്‍ താലൂക്ക് അടിസ്ഥാനത്തിലും ജില്ലയിലും അക്കാദമി നേട്ടങ്ങള്‍ കൊയ്യുകയും രാജ്യാന്തര തരത്തിലേക്ക് ഉയരുകയും ചെയ്ത അക്കാദമിയുടെ പ്രവര്‍ത്തനമാണ് പ്രതിസന്ധിയിലായിരിക്കുന്നത്. സാമ്പത്തികമാണ് നേട്ടങ്ങള്‍ക്കിടയിലും അക്കാദമിയെ വലയ്ക്കുന്നത്. അക്കാദമിയിലെ നിര്‍ധനരായ പെണ്‍കുട്ടികള്‍ക്ക് പ്രചോദനമായി ഒരു ഗ്രാമം ഒരു കുടക്കീഴില്‍ അണിനിരന്നപ്പോള്‍ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും നിരവധി താരങ്ങളാണ് ഇവിടെ നിന്ന് ഉയര്‍ന്നത്. ഇപ്പോള്‍ തന്നെ 15ലധികം പെണ്‍കുട്ടികള്‍ രാജ്യത്തിനുവേണ്ടി പൊരുതാന്‍ ഇറങ്ങിക്കഴിഞ്ഞു.
ഫുട്‌ബോളിലും ഫുട്‌സാലിലും ഹോക്കിയിലുമാണ് ഏറെ താരങ്ങളെ അക്കാദമി സംഭാവന ചെയ്തത്. വെള്ളൂര്‍ കുഞ്ഞിരാമന്‍ സ്‌കൂളിലെ കായികാധ്യാപകനായ ജോമോന്‍ നാമക്കുഴിയാണ് അക്കാദമിയുടെ നെടുംതൂണ്‍.
രാജ്യത്തെ കായികരംഗത്തെ അധികാര സ്ഥാപനമായ സായിയും അക്കാദമിക്ക് പ്രചോദനമാവുന്നുണ്ട്. ഈ വര്‍ഷത്തെ കേരള ഫുട്‌ബോള്‍ ഫെഡറേഷന്‍ അവാര്‍ഡ് ലഭിച്ചത് അക്കാദമിയിലെ താരമായ മേവെള്ളൂര്‍ മടത്തേടം ഹരിജന്‍ കോളനിയിലെ അഞ്ജന എന്‍ ബാബുവിനാണ്. മികച്ച വനിതാ ഫുട്‌ബോള്‍ താരമെന്ന നിയ്ക്കാണ് അവാര്‍ഡ്. ഗോവയില്‍ നടന്ന ദേശീയ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിലെ പ്രകടനമാണ് അഞ്ജനയെ അവാര്‍ഡിന് അര്‍ഹമാക്കിയത്. കണ്ണൂരില്‍ നടന്ന സംസ്ഥാന ചാംപ്യന്‍ഷിപ്പിന്റെ അടിസ്ഥാനത്തില്‍ കേരളാ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആറ് താരങ്ങളും മേവെള്ളൂരില്‍ നിന്നുള്ളതാണ്. കെ എ അക്ഷര, കെ എം ശ്രീവിദ്യ, വി ആര്‍ ധന്യ, അഞ്ജന എം ബാബു, ജൂബി ജോണ്‍, എം എസ് അനുജ എന്നിവര്‍ക്കാണ് സെലക്ഷന്‍ ലഭിച്ചത്. സേലത്തു നടന്ന സീനിയര്‍ സ്‌കൂള്‍ ചാംപ്യന്‍ഷിപ്പിലും അക്കാദമിയിലെ അഞ്ചു പേര്‍ക്ക് സെലക്ഷന്‍ ലഭിച്ചിരുന്നു. യൂനിവേഴ്‌സിറ്റി തലത്തിലും മൂന്നു താരങ്ങള്‍ക്കു സെലക്ഷന്‍ ലഭിച്ചിട്ടുണ്ട്.
കേരളത്തിനു വേണ്ടി അണിനിരക്കുന്ന ഹോക്കി താരങ്ങളില്‍ ആറുപേരും ഇവിടെ നിന്നുള്ളതാണ്. ജൂബി ജോണ്‍, ടെസിമോള്‍ ബേബി, കെ എസ് ഹരിത, ബിസ്മി, ജോസ്മി, കാവ്യ എന്നിവര്‍ക്കാണ് ഹോക്കി ടീമില്‍ സെലക്ഷന്‍ ലഭിച്ചത്. അടുത്ത ദിവസം ബാംഗ്ലൂരില്‍ കളിക്കാന്‍ പോവുന്ന അക്കാദമിയിലെ താരങ്ങള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്.
കായിക രംഗത്തിനു വാരിക്കോരി കാശു വാരിയെറിയുന്നവര്‍ ഇതുപോലുള്ള നേര്‍ക്കാഴ്ചകളോട് മുഖം തിരിഞ്ഞുനില്‍ക്കുന്നു. ഇവര്‍ക്ക് ഇനിയെങ്കിലും കൈത്താങ്ങ് ആവാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ക്ക് കഴിഞ്ഞാല്‍ ഇപ്പോള്‍ ലഭിച്ചതിന്റെ ഇരട്ടിനേട്ടങ്ങള്‍ കൊയ്യാന്‍ സ്‌പോര്‍ട്ട്‌സ് അക്കാദമിക്ക് കഴിഞ്ഞേക്കും.
Next Story

RELATED STORIES

Share it