Alappuzha local

കായല്‍ കൈയേറ്റവും വയല്‍ നികത്തലും വ്യാപകം

ആലപ്പുഴ: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ജില്ലയില്‍ കായല്‍ കൈയേറ്റവും വയല്‍ നികത്തലും വ്യാപകമായതായി പരാതി. ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ നിഷ്‌കൃയത്വം മുതലെടുത്താണ് നികത്തലും കൈയേറ്റവും തകൃതിയായി നടക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ ഉദ്യോഗസ്ഥര്‍ പരിശീലനത്തിനും മറ്റുമായി ഡ്യൂട്ടി ലീവില്‍ പോയിരിക്കുകയാണ്. തിരഞ്ഞെടുപ്പിന്റെ മറവില്‍ ഔദ്യോഗിക സംവിധാനങ്ങളെ നിഷ്‌ക്രിയമാക്കി മാറ്റിനിര്‍ത്തി ഭരണാധികാരികള്‍ തന്നെയാണ് ഇതിന് ഒത്താശ ചെയ്യുന്നതായും പരാതിയുണ്ട്.
ഇതേ സമയം പോലിസ് സഹായത്തോടെ പ്രാദേശികമായി പ്രതികരിക്കുന്നവരെ മൗനത്തിലാക്കാനും റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്കു കഴിയുന്നുണ്ട്. കഴിഞ്ഞ ദിവസം തോട്ടപ്പള്ളി ഭാഗത്ത് നെല്‍ വയല്‍ നികത്തുന്നത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ഹരിപ്പാടും സമാന സംഭവം അരങ്ങേറുകയുണ്ടായി.
വീടുവയ്ക്കാന്‍ പത്തു സെന്റ് നികത്തുന്നതിനുള്ള സര്‍ക്കാര്‍ അനുമതിയുടെയും ഒരു നെല്ലും ഒരു മീനും പദ്ധതിയുടെ മറവിലുമാണ് വയലുകള്‍ വ്യാപകമായി നികത്തുന്നത്. വെളിയനാട്, കാവാലം, നീലംപേരൂര്‍, പുളിങ്കുന്ന്, രാമങ്കരി, ചമ്പക്കുളം, മുട്ടാര്‍, തലവടി, എടത്വ, വീയപുരം, തകഴി, കൈനകരി, നെടുമുടി പഞ്ചായത്തുകളില്‍ നികത്ത് വ്യാപകമായതായി പരാതി ഉയര്‍ന്നിരുന്നു.
ഒരേക്കര്‍ നെല്‍പ്പാടം അഞ്ചുമുതല്‍ ഏഴുലക്ഷം രൂപവരെ വില നല്‍കി വാങ്ങിയശേഷം പുരയിടമാക്കി വില്‍ക്കുന്നത് ഒരു സെന്റിന് ഒന്നുമുതല്‍ രണ്ടുലക്ഷം രൂപവരെ വാങ്ങിയാണ്. അന്യജില്ലക്കാരായ ഭൂമാഫിയകളാണ് നെല്‍പ്പാടങ്ങള്‍ വ്യാപകമായി വാങ്ങിക്കൂട്ടുന്നത്. ഒന്നുരണ്ട് വര്‍ഷം കൃഷിചെയ്തശേഷം വര്‍ഷങ്ങളോളം തിരിശിടുന്നതും നെല്‍പ്പാടങ്ങളുടെ നാശത്തിന് കാരണമാകുന്നു.
Next Story

RELATED STORIES

Share it