Alappuzha local

കായംകുളം ജലോല്‍സവം 19 മുതല്‍ 21 വരെ: ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍

കായംകുളം: 19, 20, 21 തിയ്യതികളില്‍ ജില്ലാ പ്രമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന കായംകുളം ജലോല്‍സവത്തിന്റെ മുന്നൊരുക്കങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് സി കെ സദാശിവന്‍ എംഎല്‍എ അറിയിച്ചു. ജലോല്‍സവം വീക്ഷിക്കുന്നതിനുവേണ്ടിയുള്ള സ്ഥിരം ഗ്യാലറിയുടെയും വിഐപി പവലിയനിന്റെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജലോല്‍സവത്തിനു മുന്നോടിയായി പൂര്‍ത്തീകരിക്കും.
19ന് വൈകീട്ട് 3ന് സാംസ്‌കാരിക ഘോഷയാത്രയോടെ ജലമേള ആരംഭിക്കും. കൃഷ്ണപുരം സാംസ്‌കാരിക വിനോദകേന്ദ്രത്തില്‍ നിന്നും ആരംഭിക്കുന്ന ഘോഷയാത്രയില്‍ വാദ്യമേളങ്ങള്‍, കലാപരിപാടികള്‍, നിശ്ചലദൃശ്യങ്ങള്‍ എന്നിവയുണ്ടാവും.
ജില്ലാ പോലിസ് സൂപ്രണ്ട് വി സുരേഷ്‌കുമാര്‍ ഫഌഗ് ഓഫ് ചെയ്യും. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ മന്ത്രി എ പി അനില്‍ കുമാര്‍ ജലമേള ഉദ്ഘാടനം ചെയ്യും. സി കെ സദാശിവന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ഗോകുലം ഗോപാലന്‍ മുഖ്യ അതിഥിയായി പങ്കെടുക്കും.
20ന് രാവിലെ ഒമ്പതിന് കലാമല്‍സര മേള നടക്കും. കൈനകരി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എന്‍ കെ രമേശ് അധ്യക്ഷത വഹിക്കും. 9.30ന് വഞ്ചിപ്പാട്ട് മല്‍സരം, 1.30ന് ഒപ്പന മല്‍സരം. 3.30ന് തിരുവാതിര മല്‍സരം, 5.30ന് നാടന്‍പാട്ട് മല്‍രം എന്നിവ നടക്കും. തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്യും. വിജയികള്‍ക്ക് സി കെ സദാശിവന്‍ എംഎല്‍എ സമ്മാനദാനം നിര്‍വഹിക്കും.
21ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ ജലഘോഷയാത്രയും മല്‍സര വള്ളംകളിയും നടക്കും. ചുണ്ടന്‍ വള്ളങ്ങള്‍, ഓടി, വെപ്പ്, സ്ത്രീകളുടെ തെക്കന്‍ ഓടി തുടങ്ങിയ കളിവള്ളങ്ങള്‍ തുടങ്ങിയവ പങ്കെടുക്കും. കെ സി വേണുഗോപാല്‍ എംപി പതാക ഉയര്‍ത്തും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സി കെ സദാശിവന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ആരോഗ്യ മന്ത്രി വി എസ് ശിവകുമാര്‍ മാസ്ഡ്രില്‍ ഫഌഗ് ഓഫ് നടത്തും. ജില്ലാ കലക്ടര്‍ എന്‍ പത്മകുമാ, എംഎല്‍എമാരായ. തോമസ്ചാണ്ടി, പി സി വിഷ്ണുനാഥ്, പി തിലോത്തമന്‍, എ എം ആരിഫ്, ആര്‍ രാജേഷ്, കായംകുളം നഗരസഭാ ചെയര്‍മാന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കൃഷ്ണപുരം ഡിവിഷന്‍ ജില്ലാ പഞ്ചായത്തംഗം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കായംകുളം നഗരസഭാ വൈസ് ചെയര്‍മാന്‍ പങ്കെടുക്കും.
വള്ളംകളിയില്‍ പങ്കെടുക്കുന്ന കളിവള്ളങ്ങളും കലാമല്‍സരങ്ങളില്‍ പങ്കെടുക്കുന്നവരും 15ന് മുമ്പായി കായംകുളം ഡിറ്റിപിസി അമിനിറ്റി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ജലോല്‍സവ കമ്മിറ്റി ഓഫിസില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം.
Next Story

RELATED STORIES

Share it