കാമുകന് സയനൈഡ് കൊടുത്ത് കൊലപ്പെടുത്തിയ കേസ് : പ്രതിക്ക് ജീവപര്യന്തം തടവ്

ആലപ്പുഴ: കാമുകന് സയനൈഡ് കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷയും രണ്ടു ലക്ഷം പിഴയും വിധിച്ചു. കായംകുളം കൃഷ്ണപുരം രാജ്‌നിവാസില്‍ രാജന്റെ ഭാര്യ മിഷ്യ(40)ക്കാണ് മാവേലിക്കര ഒന്നാം അഡീഷനല്‍ സെഷന്‍ കോടതി ജഡ്ജി മുഹമ്മദ് വീസിം ശിക്ഷ വിധിച്ചത്. കൊല്ലം നീണ്ടകര ചാലില്‍ വീട്ടില്‍ സനല്‍കുമാര്‍ (32) കൊല ചെയ്യപ്പെട്ട കേസില്‍ പ്രതി കുറ്റക്കാരിയാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.
2010 മെയ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം. മരിച്ച സനല്‍കുമാര്‍ മിഷ്യയുമായി ബന്ധം നിലനില്‍ക്കെ 2009ല്‍ നിലമ്പൂര്‍ സ്വദേശിനി സ്വപ്‌നയെ വിവാഹം കഴിച്ച് ഗോവയില്‍ താമസമാക്കി. 2010ല്‍ ഗോവയില്‍നിന്ന് സനല്‍കുമാര്‍ നാട്ടിലെത്തിയതറിഞ്ഞ മിഷ്യ ഇയാളെ വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് കോളയില്‍ സയനൈഡ് കലര്‍ത്തി നല്‍കി. ശീതളപാനീയം കുടിച്ച സനല്‍കുമാര്‍ തല്‍ക്ഷണം മരിച്ചെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.
അസ്വാഭാവിക മരണത്തിനാണ് പോലിസ് കേസെടുത്തത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മിഷ്യയുടെ വീട്ടില്‍നിന്ന് ആഹാരത്തിന്റെ അവശിഷ്ടങ്ങളും ഒഴിഞ്ഞ കോള കുപ്പിയും സനല്‍കുമാറിന്റെ ചെക്കുകള്‍, വാച്ച്, ഫോണ്‍, ബൈക്ക്, ചെരിപ്പ് എന്നിവ കായംകുളം പോലിസ് കണ്ടെത്തിയിരുന്നു. മിഷ്യയുടെ വീടിന്റെ അടുക്കളയില്‍നിന്ന് സയന്റിഫിക്ക് അസിസ്റ്റന്റ് ശേഖരിച്ച ആഹാര പദാര്‍ഥങ്ങളുടെ സാമ്പിളുകളുടെ രാസപരിശോധനയില്‍ ഹൈഡ്രോസൈനിക് ആസിഡ് ഉള്ളതായി തെളിഞ്ഞിരുന്നു. കൂടാതെ സനല്‍കുമാറിന്റെ ശവശരീരം വീട്ടില്‍ നിന്ന് കടത്തിക്കൊണ്ടുപോവുന്നതിന് മിഷ്യ സുഹൃത്തായ സുമേഷിന്റ സഹായം തേടിയിരുന്നു. മിഷ്യ ആവശ്യപ്പെട്ട പ്രകാരം സുമേഷ് വാടകയ്ക്ക് കാറെടുത്തുവന്നെങ്കിലും ശവശരീരം മറവുചെയ്യാനാണെന്ന് മനസ്സിലായതോടെ ഇയാള്‍ മടങ്ങിപ്പോയി. കേസിലെ നാലാം സാക്ഷിയാണ് സുമേഷ്.
വ്യക്തമായ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതി കുറ്റം ചെയ്തതായി കോടതി കണ്ടെത്തിയത്. 30 സാക്ഷികളുള്ളതില്‍ 23 പേരെ വിസ്തരിച്ചു. അഞ്ച് സാക്ഷികള്‍ കൂറുമാറി. 39 രേഖകളും 13 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രതിയെ ആലപ്പുഴ വനിതാ ജയിലിലേക്ക് മാറ്റി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സാം വര്‍ഗീസ് ഹാജരായി.
Next Story

RELATED STORIES

Share it