കാബൂളിലെ താലിബാന്‍ ആക്രമണം; പോരാളികളെ വധിച്ച് അതിഥി മന്ദിരം മോചിപ്പിച്ചു

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഷെര്‍പ്പൂരില്‍ സ്പാനിഷ് എംബസിക്കു സമീപത്തെ വിദേശ അതിഥി മന്ദിരം ആക്രമിച്ച നാലംഗ സായുധസംഘത്തെ വധിച്ചതായി അധികൃതര്‍ അറിയിച്ചു. ആക്രമണത്തില്‍ നാല് അഫ്ഗാന്‍ പോലിസുകാരും രണ്ടു സ്പാനിഷ് സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടലില്‍ ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടതായി റിപോര്‍ട്ടുണ്ട്.
മേഖലയിലേക്കിരച്ചു കയറുന്നതിനു മുമ്പ് എംബസിക്കു സമീപം തങ്ങളുടെ പോരാളികള്‍ കാര്‍ബോംബ് നടത്തിയെന്നു താലിബാന്‍ അറിയിച്ചു. സ്‌ഫോടനത്തിന് പിന്നാലെ തുടര്‍ച്ചയായ വെടിവയ്പും നടന്നു.
രാത്രി അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തെ തുടര്‍ന്ന് അഫ്ഗാനിസ്താന്‍ സുരക്ഷാസേനയും സ്പാനിഷ് സൈന്യവും സായുധസംഘത്തെ നേരിടുകയായിരുന്നു. സുരക്ഷാസേനയും പോരാളികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ശനിയാഴ്ച പുലര്‍ച്ച വരെ നീണ്ടു. ഉന്നത വിദേശ, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ താമസിക്കുന്ന ഇടമാണ് കാബൂളിലെ ഷെര്‍പ്പൂര്‍.
Next Story

RELATED STORIES

Share it