കാബിനറ്റ് ഉപസമിതി ഇന്ന് യോഗം ചേരും 

തൃശൂര്‍: വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് തിരുവനന്തപുരത്ത് ക്യാബിനറ്റ് ഉപസമിതി യോഗം ചേരും. വ്യാപാരികള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ വേണ്ട വിധത്തില്‍ പരിഹരിക്കപ്പെടുമെന്ന് ഇന്നലെ തൃശൂരില്‍ തന്നെ വന്നു കണ്ട വ്യാപാരി വ്യവസായി ഏകോപനസമിതി നേതാക്കള്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പ് നല്‍കി. മന്ത്രിമാരായ രമേശ് ചെന്നിത്തല, ആര്യാടന്‍ മുഹമ്മദ്, മഞ്ഞളാംകുഴി അലി എന്നിവരാണ് ഇന്ന് വ്യാപാരികളുമായി ചര്‍ച്ച നടത്തുക. വ്യാപാരികള്‍ക്ക് ആവശ്യമെങ്കില്‍ അവരെ കാണാന്‍ താന്‍ സന്നദ്ധനാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എയുടെ വസതിയില്‍ വെച്ചാണ് വ്യാപാരി നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടത്. ആലപ്പുഴയില്‍ വ്യാപാരി ആത്മഹത്യ ചെയ്യാനിടയായ സാഹചര്യവും തുടര്‍ന്ന് വ്യാപാരികള്‍ നടത്തിയ പ്രതിഷേധവും തൃശൂരില്‍ വ്യാപാരികള്‍ക്ക് നേരെ നടന്ന ലാത്തിച്ചാര്‍ജ്ജ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏകോപനസമിതി ജില്ലാ പ്രസിഡന്റ് അബ്ദുള്‍ ഹമീദ് മുഖ്യമന്ത്രിയെ ധരിപ്പിച്ചു. അരമണിക്കൂറോളം വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ ക്ഷമയോടെ കേട്ടിരുന്ന മുഖ്യമന്ത്രി പ്രശ്‌നത്തിന് രമ്യമായ പരിഹാരം കാണുമെന്ന് നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി. എംഎല്‍എമാരായ തേറമ്പില്‍ രാമകൃഷ്ണന്‍, പി എ മാധവന്‍, ടി എന്‍ പ്രതാപന്‍ എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it